തിരുവനന്തപുരം: യുവതികൾ പ്രവേശിക്കുമെങ്കിൽ ശബരിമലയിൽ നടയടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. എന്നാൽ അന്നേ ദിവസം നൂറുകണക്കിന് ഫോൺ കോളുകൾ വന്നിരുന്നുവെന്നും അതിൽ തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന് ഓർക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ മാനിക്കുന്നു. മറ്റാരെങ്കിലും വിളിച്ചോ എന്ന് അന്വേഷിക്കേണ്ടവർ അന്വേഷിക്കട്ടെ. തന്നെ അറസ്‌റ്റ് ചെയ്യുന്നതിനെ ഭയക്കുന്നില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
നേരത്തെ, കോഴിക്കോട് നടന്ന യുവമോർച്ച സമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തിൽ തന്നെ ശബരിമല തന്ത്രി കണ്‌ഠരര് രാജീവരര് വിളിച്ചിരുന്നുവെന്നും നടയടയ്‌ക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു. എന്നാൽ താൻ ശ്രീധരൻപിള്ളയെ വിളിച്ചിട്ടില്ലെന്ന നിലപാടുമായി തന്ത്രി രംഗത്തെത്തിയത് വിവാദം കൊഴുപ്പിച്ചു. ഇതിന് പിന്നാലെ ആദ്യ നിലപാടിൽ മാറ്റം വരുത്തി ശ്രീധരൻപിള്ളയും രംഗത്തെത്തി. തന്ത്രിയാണോ കുടുംബാംഗങ്ങളാണോ തന്നെ വിളിച്ചതെന്ന് ഉറപ്പില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം , ശ്രീധരൻപിള്ള കോടതിയിൽ നൽകിയ ഹർജിയിൽ തന്നെ തന്ത്രി വിളിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ സി.ഡി അടക്കമുള്ള തെളിവുകൾക്കൊപ്പമാണ് അദ്ദേഹം ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്. പ്രസംഗത്തിനെതിരെ കോഴിക്കോട് കസബ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിള്ള ഹൈക്കോടതിയെ സമീപിച്ചത്.