മനുഷ്യാവകാശങ്ങൾക്കും സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടി നടന്ന പോരാട്ടങ്ങളുടെ ഫലപ്രാപ്തി എന്ന നിലയിലാണ് 1936 നവംബർ 12 ന് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ തന്റെ 24-ാം പിറന്നാൾ ദിവസം പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരം വിലയിരുത്തപ്പെടുന്നത്. 'ജനങ്ങളുടെ ആത്മീയ വിമോചനത്തിന്റെ സ്മൃതിയും ആധുനിക കാലത്തിന്റെ അത്ഭുതവുമെന്നാണ് "വിളംബരത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്. 1829 ൽ സതി നിരോധിച്ചതിന് ശേഷം ഇന്ത്യയിൽ നടന്ന ശ്രദ്ധേയ സംഭവങ്ങളായിരുന്നു ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രയും ക്ഷേത്രപ്രവേശന വിളംബരവും. തിരുവിതാംകൂറിനെ തുടർന്ന് കൊച്ചിയിലും കോഴിക്കോടും മലബാറിലും ക്ഷേത്രങ്ങൾ സമസ്ത ഹിന്ദുക്കൾക്കുമായി തുറന്നു കൊടുത്തു.
തിരുവിതാംകൂർ രാജഭരണത്തിന് കീഴിലുണ്ടായിരുന്ന 400 ൽ പരം ക്ഷേത്രങ്ങളിൽ മാത്രമായിരുന്നു വിളംബര പ്രകാരം പ്രവേശനം നടപ്പിലാക്കിയത്. ഇരുപതിനായിരത്തിലധികം ഉണ്ടായിരുന്ന സ്വകാര്യക്ഷേത്രങ്ങളിലെ പ്രവേശനത്തെക്കുറിച്ച് വിളംബരം മൗനം പാലിച്ചു. കീഴ്ജാതിക്കാരുടെ അവശതകൾക്കും അവർക്ക് നേരിടേണ്ടി വന്ന അവഗണനകൾക്കും പരിഹാരം കാണാനുള്ള ശ്രമം 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ തുടങ്ങിയിരുന്നു. വൈകുണ്ഠസ്വാമി സ്ഥാപിച്ച സമത്വസമാജം ഈ ലക്ഷ്യത്തിലൂന്നിയതായിരുന്നു. ശ്രീനാരായണഗുരുവും അയ്യൻങ്കാളിയും ചട്ടമ്പിസ്വാമികളും മാനവികതയെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഇടപെടലുകൾ തിരുവിതാംകൂറിലെ ജാതിശ്രേണിയുടെ അടിത്തട്ടിലുള്ളവരെ ഊർജ്ജസ്വലരാക്കി. സവർണ ഹൈന്ദവ വിഭാഗത്തിൽപ്പെട്ട നവോത്ഥാന നായകരുടെ നിലപാടുകളും പിന്തുണയും ജാതി ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടുന്നവർക്ക് ആവേശവും ആത്മവിശ്വാസവും നൽകി. മന്നത്ത് പത്മനാഭൻ, ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള, ജി.രാമചന്ദ്രൻ എന്നീ പേരുകൾ എടുത്ത് പറയേണ്ടവയാണ്.
എസ്.എൻ.ഡി.പി യോഗത്തിന്റെ രൂപീകരണം, ഡോ.പല്പു, കുമാരനാശാൻ, സഹോദരൻ അയ്യപ്പൻ, സി.വി.കുഞ്ഞുരാമൻ, ടി.കെ.മാധവൻ എന്നിവരുടെ പ്രബോധനങ്ങളും ജാതി കുടിലതയുടെ അന്തസാര ശൂന്യത വെളിവാക്കാൻ സഹായിച്ചു. അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന വില്ലുവണ്ടിയാത്രയും ആറാലുംമൂട് ചന്ത പ്രവേശനസമരവും സാധുജനപരിപാലന സംഘത്തിന്റെ രൂപീകരണവും വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി നടന്ന പ്രഥമ കാർഷിക പണിമുടക്കും പെരിനാട് വിപ്ലവവും കല്ലുമാല സമരവും അയിത്തജാതിക്കാരുടെ ആത്മാഭിമാന ബോധത്തെ ആളിക്കത്തിക്കുകയും സാധുജനമെന്ന പേരിൽ കീഴാളരുടെ ചെറുത്ത് നിൽപ് ഉയർത്തുകയും ചെയ്തു. പൊയ്കയിൽ അപ്പച്ചൻ നടത്തിയ ഇടപെടലുകൾ കീഴാള വിമോചനസമരത്തിലെ സവിശേഷ ഏടുകളാണ്. ശൂദ്രന് അക്ഷരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ചട്ടമ്പിസ്വാമി രചിച്ച വേദാധികാര നിരൂപണം ഉഗ്രശേഷിയുള്ളൊരു സ്ഫോടകവസ്തുവായിരുന്നു. ഇതേത്തുടർന്ന് കൊച്ചിയിലും മലബാറിലും പരിഷ്കരണ പ്രസ്ഥാനങ്ങളും നിരവധി നേതാക്കന്മാരും ഉദയം ചെയ്തു. പണ്ഡിറ്റ് കറുപ്പനും അയ്യത്താൻ ഗോപാലനും മഞ്ചേരി രാമയ്യയും മിതവാദി കൃഷ്ണനും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.
ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് ഭരണകൂടത്തെ നയിച്ച മറ്റ് രണ്ട് ഘടകങ്ങളാണ് വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും . ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴിയിൽ അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാനും തീണ്ടൽ പലകകൾ നീക്കം ചെയ്യാനും വേണ്ടിയായിരുന്നു സത്യഗ്രഹം. ടി.കെ.മാധവൻ, മന്നത്ത് പത്മനാഭൻ, കെ.കേളപ്പൻ, കെ.പി.കേശവമേനോൻ തുടങ്ങിയവരായിരുന്നു നേതാക്കൾ. പെരിയാർ ഇ.വി. രാമസ്വാമിയുടെയും ഗാന്ധിജിയുടെയും സാന്നിദ്ധ്യം സമരത്തെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കി. വൈക്കം സത്യഗ്രഹത്തെ അനുകൂലിച്ച് മന്നത്ത് പത്മനാഭൻ തിരുവനന്തപുരത്തേക്ക് നടത്തിയ സവർണജാഥയും ശുചീന്ദ്രത്ത് നിന്നും പെരുമാൾ നായിഡുവിന്റെ നേതൃത്വത്തിൽ നടത്തിയ ജാഥയും സത്യഗ്രഹത്തിന് കാരണമായ മുദ്രാവാക്യങ്ങൾക്ക് വ്യാപക പ്രചാരം നൽകി. തുടർന്ന് സംയുക്ത പ്രതിനിധി സംഘം റീജന്റിനെ കണ്ട് നിവേദനം നൽകി. 1924 ഒക്ടോബർ രണ്ടിന് ശ്രീമൂലം പ്രജാസഭയിൽ ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. എന്നാൽ 21 പേർ അനുകൂലിക്കുകയും 22 പേർ എതിർക്കുകയും ചെയ്തതിനാൽ പ്രമേയം പരാജയപ്പെട്ടു.
കീഴാള നവോത്ഥാന നായകനായിരുന്ന കുറുമ്പൻ ദൈവത്താൻ 1924 ൽ ചെങ്ങന്നൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിന് വേണ്ടിയും 1925 ൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വേണ്ടിയും പ്രക്ഷോഭം നടത്തിയിട്ടുണ്ട്. ഗുരുവായൂർ സത്യഗ്രഹത്തോടെ ഹിന്ദുമത വിശ്വാസികളായ എല്ലാവർക്കും ക്ഷേത്രപ്രവേശനമെന്ന മുദ്രാവാക്യത്തിന് പ്രസക്തിയേറി. ഗുരുവായൂർ സത്യഗ്രഹത്തിന്റെ പ്രചാരണാർത്ഥം എ.കെ.ജി തിരുവിതാംകൂറിൽ നടത്തിയ പര്യടനത്തിനിടെ കുമ്പളത്ത് ശങ്കുപ്പിള്ള, അദ്ദേഹത്തെയും കൂട്ടരെയും ക്ഷണിക്കുകയും പന്മനയിലുള്ള കണ്ണൻകുളങ്ങര ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇത്തരം സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് 1932 ൽ ക്ഷേത്രപ്രവേശനത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സി.എസ്.സുബ്രഹ്മണ്യഅയ്യർ ചെയർമാനായ കമ്മിറ്റിയെ തിരുവിതാംകൂർ സർക്കാർ നിയോഗിക്കുന്നത്. കമ്മിറ്റിയുടെ അഭിപ്രായം ക്ഷേത്രപ്രവേശനത്തിന് അനുകൂലമായിരുന്നില്ല.
ക്ഷേത്രപ്രവേശന വിളംബരത്തിന് തിരുവിതാംകൂർ ഭരണകൂടത്തെ നിർബന്ധിതമാക്കിയഘകങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു അക്കാലത്തെ രാഷ്ട്രീയ സാഹചര്യം. 1933-35 കാലഘട്ടം നിരവധി കാരണങ്ങളാൽ തിരുവിതാംകൂറിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ രസനിരപ്പ് ഉയർത്താനിടയാക്കി. ഈഴവ-ക്രൈസ്തവ-മുസ്ലിം ഐക്യത്തിൽ പിറന്ന നിവർത്തന പ്രക്ഷോഭം എന്ന രാഷട്രീയ കൊടുംങ്കാറ്റ് തിരുവിതാംകൂറിൽ ആഞ്ഞു വീശിത്തുടങ്ങിയിരുന്നു. ടി.എം.വർഗീസ്, സി.കേശവൻ, പി.കെ.കുഞ്ഞ് എന്നിവർ നേതൃത്വം നൽകിയ സംയുക്ത രാഷ്ട്രീയ സമിതി നടത്തിയ സമരത്തിന്റെ മുഖ്യ ആവശ്യങ്ങൾ സർക്കാർ സർവീസിലെ പ്രവേശനവും ജനസംഖ്യാ ആനുപാതികമായി നിയമസഭയിലെ പ്രാതിനിധ്യവുമായിരുന്നു.
1935 മെയ് 13 ന് കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗത്തെത്തുടർന്ന് സി.കേശവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു. ഈഴവ നേതാക്കളായ എ.കെ.ഭാസ്കർ, കെ.സുകുമാരൻ, സഹോദരൻ അയ്യപ്പൻ, കെ.പി.തയ്യിൽ എന്നിവർ ചേർന്ന് 'അവർണർക്ക് നല്ലത് ഇസ്ലാം " എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഹിന്ദുമതം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഇ.മാധവൻ 'സ്വതന്ത്ര സമുദായ" മെന്ന കൃതി പുറത്തിറക്കുകയും തിരുവിതാംകൂർ - കൊച്ചി സർക്കാരുകൾ ഈ പുസ്തകം നിരോധിക്കുകയും ചെയ്തു. സംയുക്ത രാഷ്ട്രീയ സമിതിയുടെ രാഷ്ട്രീയ ഐക്യത്തെ തകർക്കുക, ഈഴവരുടെ മതപരിവർത്തനത്തെ തടയുക എന്നീ രാഷ്ട്രീയ തീരുമാനങ്ങളുടെയും ഫലംകൂടിയായിരുന്നു
ക്ഷേത്രപ്രവേശന വിളംബരം. തുടർച്ചയായ ആചാരലംഘനങ്ങളിലൂടെയാണ് ഇന്നത്തെ കേരളം രൂപപ്പെട്ടത്. ചരിത്ര വസ്തുതകളെയും നവോത്ഥാന പോരാട്ടങ്ങളെയും ഓർമ്മപ്പെടുത്തുന്നത് ആചാരലംഘനത്തിന്റെ പേരിൽ ഇപ്പോൾ നാട്ടിൽ നടക്കുന്ന പേക്കൂത്തുകളുടെ പൊള്ളത്തരം തുറന്ന് കാട്ടാൻ സഹായിക്കും.
ലേഖകന്റെ ഫോൺ : 9447142134