crime

കോട്ടയം: വ്യാജ പൊലീസ് റിക്രൂ‌ട്ട്മെൻ്റ് തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ ദുരൂഹ ബന്ധങ്ങൾ സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. പൊലീസിന് കത്തു നൽകി, ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ പ്രതികൾ നടത്തിയ തട്ടിപ്പിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

കേസിൽ അറസ്റ്റിലായ അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി.ഷൈമോൻ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. പ്രധാന പ്രതിയായ കെ.കെ രവിയെന്ന എ.സി.പി രവി അടക്കം ആറു പേർ ഇനിയും പിടിയിലാകാനുണ്ട്.

കഴിഞ്ഞ ഒരു മാസമായി കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് യൂണിഫോമിൽ സംഘം കറങ്ങി നടക്കുകയായിരുന്നു. പൊലീസ് പരിശീലന രീതികൾ തന്നെയാണ് പ്രതികൾ ഉദ്യോഗാർത്ഥികൾക്ക് നൽകിയിരുന്നത്. റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ സംഘത്തിലുണ്ടോ എന്നതാണ് കേന്ദ്ര ഇന്റലിജൻസ് പരിശോധിക്കുന്നത്. അയ്യായിരം പേരെ റിക്രൂട്ട് ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് തട്ടിപ്പ് സംഘത്തിൽ നിന്നു ലഭിക്കുന്ന സൂചന. പൊലീസിനു സമാന്തരമായി ഏതെങ്കിലും സേന രൂപീകരിക്കാനുള്ള ശ്രമമാണോ ഇവർ നടത്തിയിരുന്നതെന്ന അന്വേഷണവും നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോൺകാൾ വിശദാംശങ്ങൾ ഈസ്റ്റ് സി.ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ ശേഖരിച്ചിട്ടുണ്ട്. ഇതുവഴി തട്ടിപ്പുകാരുടെ ബന്ധങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ.