മലയാള സിനിമ ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ട ചലച്ചിത്രങ്ങൾ നിരവധിയാണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും പ്രേക്ഷകന്റെ മനസിൽ നിന്ന് അത്തരം ചിത്രങ്ങൾ മാഞ്ഞുപോകില്ല. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്രകാരൻ പദ്‌മരാജനും അദ്ദേഹത്തിന്റെ കഥാസൃഷ്‌ടികളും അതിന് മികച്ച ഉദാഹരണങ്ങളാണ്. മോഹൻലാൽ എന്ന നടന്റെ അഭിനയജീവിതത്തിലെ കൾട്ട് ക്ളാസിക്കളിൽ ഒന്നായ തൂവാനത്തുമ്പികൾ പിറന്നത് പദ്‌മരാജന്റെ തൂലികകളിൽ നിന്നാണ്.
എന്നാൽ തൂവാനത്തുമ്പികളുടെ കഥ പദ്‌മരാജൻ ആദ്യം പറഞ്ഞത് തന്നോടാണെന്ന് പറയുകയാണ് സംവിധായകൻ ഭദ്രൻ. 'എന്റെ അയ്യർ ദ ഗ്രേറ്റ് കണ്ടിട്ട് നിങ്ങൾക്ക് ചെയ്യാൻ പറ്റിയ ഒരു കഥ എന്റെ കൈയിലുണ്ടെന്ന് പദ്മരാജൻ പറഞ്ഞു. കേട്ടപ്പോൾ തന്നെ വലിയ താത്പര്യമായി. പക്ഷേ അദ്ദേഹം പറഞ്ഞ കഥ എനിക്കത്ര ഇഷ്‌ടമായില്ല. എന്റെ ശൈലിയിലുള്ള കഥയായിരുന്നില്ല അത്. ആ കഥയാണ് പിൽക്കാലത്ത് പദ്മരാജന്റെ ക്ലാസിക് സിനിമയായ തൂവാനത്തുമ്പികളായി വന്നത്. കണ്ടപ്പോൾ ശരിക്കും അദ്ഭുതപ്പെട്ടുപോയി' -ഭദ്രൻ പറഞ്ഞു.
കേരളകൗമുദി ഫ്ളാഷിന് നൽകിയ അഭിമുഖത്തിലാണ് ഭദ്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ പൂർണരൂപം നവംബർ ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.