ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതാണ് ഓർക്കിഡിന്റെ പ്രത്യേകത. ഭംഗി എന്നതിലുപരി ഒരു വരുമാന മാർഗം കൂടി തുറന്നു തരുന്നവയാണ് ഓർക്കിഡുകൾ. ലളിതമായ പരിചരണം മാത്രം മതി ഓർക്കിഡുകൾ വളരാൻ. അമിതമായ പരിചരണം വേണ്ട എന്നത് പ്രത്യേകം ഓർക്കണം. അത്തരത്തിലുള്ള പരിചരണങ്ങളാണ് ചെടികളെ നശിപ്പിക്കുന്നതും വേരുകൾ അഴുകുന്നതിന് കാരണമാകുന്നതും.
നേരിട്ട് ചെടിയിൽ പതിക്കുന്ന ചൂട് ഇവയ്ക്ക് അധികം താങ്ങുവാൻ കഴിയില്ല. രാവിലെ ചെടികൾക്ക് വെള്ളം നനയ്ക്കുന്നത് നല്ലതാണ്. വേനൽ കാലങ്ങളിൽ എല്ലാ ദിവസവും നനയ്ക്കണം. അല്ലാത്ത സമയങ്ങളിൽ ഒന്നിടവിട്ടോ, മൂന്ന് ദിവസത്തിൽ ഒരിക്കലോ മതിയാവും നനയ്ക്കൽ. ഇവയ്ക്ക് വളരാൻ അനുകൂലമായി സാഹചര്യം ഒരുക്കുക എന്നതാണ് മറ്റൊരു ഘടകം. ഏകദേശം തുല്യ അളവിൽ ഉണങ്ങിയ തൊണ്ടിൻ കഷണങ്ങൾ, ഓടിന്റെ കഷണങ്ങൾ, മരക്കരി, ഇഷ്ടിക കഷണങ്ങൾ എന്നിവ ഓർക്കിഡുകൾ നടാൻ ഉപയോഗിക്കുന്ന ചട്ടികളിൽ നിറയ്ക്കുക. ചട്ടിയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. ധാരാളം വായു സഞ്ചാരം കിട്ടുന്നവ ആയിരിക്കണം ചട്ടികൾ. മരത്തിന്റെ റീപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ പെട്ടികൾ, നിറയെ ദ്വാരങ്ങൾ ഉള്ള മൺ ചട്ടികൾ, പ്ലാസ്റ്റിക് ചട്ടികൾ എന്നിവയൊക്കെ ഉപയോഗിക്കാം. അതിലേക്ക് തൈകൾ മാറ്റി നടാം. തൊണ്ടിൽ വച്ച് ചകിരികൊണ്ട് മൂടി കയർകൊണ്ട് കെട്ടിയശേഷം തൂക്കിയിട്ടും ഇവയെ വളർത്താം.
നട്ടശേഷം ചാണകവെളളത്തിന്റെ തെളി തളിച്ചുകൊടുക്കാം. ചെടികൾ തമ്മിൽ 30 സെമീറ്ററും വരികൾ തമ്മിൽ 45 സെ.മീറ്ററും അകലം ഉണ്ടായിരിക്കണം. ഒരു ചാലിൽ മൂന്നോ, നാലോ വരികൾ നടാം. തണ്ടുകൾക്ക് താങ്ങുകൾ നൽകിയശേഷം ചാലിൽ നീളത്തിൽ കയർ കെട്ടി അതുമായി ബന്ധിപ്പിക്കുന്നതും നല്ലതാണ്. മോണോപോഡിയലുകൾ വളഞ്ഞുപോകാതെ നിവർന്ന് വളരുന്നതാണ് പൂങ്കുലകൾ ഉണ്ടാകുന്നതിനും അവയുടെ ആകൃതിക്കും ഉത്തമം.ചെടികൾ നന്നായി നനച്ച ശേഷം, വെള്ളത്തിൽ ലയിക്കുന്ന എൻ.പി.കെ മിശ്രിതം രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത് ആഴ്ചയിൽ രണ്ടുപ്രാവശ്യം സ്പ്രേ ചെയ്യുക. പുഷ്പിക്കാറായ ചെടികൾക്കു നൈട്രജൻ അളവ് കുറഞ്ഞ മിശ്രിതം മാർക്കറ്റിൽ ലഭ്യമാണ്. അവ നൽകുന്നതും ഓർക്കിഡുകളുടെ പരിചരണത്തിന് നല്ലതാണ്. കുമിൾരോഗങ്ങളായ ഇലപ്പുള്ളി, അഴുകൽ, വാട്ടം, ഇലകരിച്ചിൽ എന്നിവയെ നിയന്ത്രിക്കാൻ ഇൻഡോഫിൽ എം.45 എന്ന കുമിൾനാശിനി 2.5 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ കലക്കി തളിക്കാം. വൈറസ് രോഗങ്ങൾ ബാധിച്ചാൽ ആ ചെടികളെ പാടെ നീക്കം ചെയ്ത് നശിപ്പിക്കണം.