sanal-murder

1. നെയ്യാറ്റിൻകര സനലിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. തീരുമാനം, ഐ.ജി തലത്തിലുള്ള അന്വേഷണം വേണമെന്ന സനലിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച്. സർക്കാരിൽ പൂർണ്ണ വിശ്വാസം എന്ന് സനലിന്റെ ഭാര്യ വിജി. ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും പ്രതികരണം. കൊലപാതകത്തെ അപകട മരണമാക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നും നിലവിലെ അന്വേഷണ സംഘത്തോട് ഇനി സഹകരിക്കില്ലെന്നും നേരത്തെ വിജി പറഞ്ഞിരുന്നു.


2. അതിനിടെ, കേസിൽ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിന്റെ സഹായി പിടിയിലായി. അറസ്റ്റിലായത് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച തൃപ്പരപ്പിലെ ലോഡ്ജ് മാനേജർ സതീഷ് കുമാർ. രണ്ടു സിംകാർഡുകൾ ഇയാൾ ഹരികുമാറിന് എത്തിച്ചു നൽകി എന്ന് അന്വേഷണ സംഘം. അതേസമയം, പ്രതി കോടതിയിൽ ഹാജരായാൽ അത് പൊലീസിനു നാണക്കേട് ആകുമെന്ന വിലയിരുത്തലിൽ ഹരികുമാറിനെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ഡി.ജി.പി.


3. ആരോപണങ്ങൾക്കിടെ, ഹരികുമാർ മൂന്നാറിന് സമീപം കേരള തമിഴ്‌നാട് അതിർത്തിയിൽ എത്തിയതായി സൂചന. പ്രതിയുടെ ബന്ധുക്കളുടേയും സഹായികളുടേയും മൊബൈൽ ഫോണുകൾ നിരീക്ഷിച്ചും പരിശോധന. പൊലീസ് സേനയിൽ നിന്നുതന്നെ ഹരികുമാറിന് സഹായം ലഭിക്കുന്നു എന്ന ആരോപണവും അന്വേഷണ പരിധിയിൽ.


4. മണ്ഡല മകരവിളക്ക് ഒരുക്കങ്ങൾ പുരോഗമിക്കവെ, ശബരിമലയിൽ ഇരുമുടിയേന്തി ഭീകരർ വരാമെന്ന് സർക്കാരിന് ഇന്റലിജൻലസ് റിപ്പോർട്ട്. തീർത്ഥാടകരുടെ ഇരുമുടിക്കെട്ടിൽ ഭീകരസംഘടനകളും ദേശവിരുദ്ധ ശക്തികളും സ്‌ഫോടന വസ്തുക്കൾ കടത്താൻ സാധ്യത. സംശയമുള്ളവരുടെ ഇരുമുടിക്കെട്ടുകളും വസ്തുവകകളും പരിശോധിക്കണം. കുടിവെള്ള ടാങ്കുകൾ, ഇലക്ട്രിക് കണക്ഷനുകൾ, ശ്രീകോവിൽ, മാളികപ്പുറം ക്ഷേത്രം, ഗണപതികോവിൽ, പാർക്കിംഗ് ഏരിയ ഉൾപ്പടെയുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും റിപ്പോർട്ട്.


5. തീർത്ഥാടനകാലത്ത് സുരക്ഷ ഒരുക്കാനും തിരക്ക് നിയന്ത്രിക്കാനും 15000 പൊലീസുകാരെ നിയമിക്കാൻ തീരുമാനം. നവംബർ 14 മുതൽ 16 വരെ നടക്കുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ ആകാശനിരീക്ഷണവും ഏർപ്പെടുത്തും. പല ഘട്ടങ്ങളിലായി നടത്തുന്ന സേനാ വിന്യാസത്തിൽ ഒരു ഘട്ടത്തിലും നാലായിരം പൊലീസുകാർ ഭക്തർക്ക് സുരക്ഷ ഒരുക്കും. ജലപീരങ്കി ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങൾക്ക് പുറമെ അക്രമികളുടെ മുഖം തിരിച്ചറിയൽ സോ്ര്രഫുവെയറുകളും.


6. അതേസമയം, ആചാര സംരക്ഷണത്തിന്റെ പേരിൽ ശബരിമലയിൽ പ്രതിഷേധങ്ങൾ നടത്തരുതെന്ന് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ. രാഷ്ട്രീയപാർട്ടികൾക്കും സംഘടനകൾക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകണം. ചിത്തിര ആട്ടത്തിരുനാളിന് നടതുറന്ന ശേഷമുള്ള അനിഷ്ട സംഭവങ്ങൾ വിശദീകരിച്ച് നൽകിയ റിപ്പോർട്ടിലാണ് സ്‌പെഷ്യൽ കമ്മിഷണറുടെ ആവശ്യം.


7. സംസ്ഥാനത്തെ ഓട്ടോ ടാക്‌സി നിരക്കുകൾ വർധിപ്പിക്കും. നിരക്ക് വർധിപ്പിക്കണം എന്ന് ശുപാർശ ചെയ്ത ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ റിപ്പോർട്ട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി. ഓട്ടോറിക്ഷ മിനിമം നിരക്ക് 20 രൂപയിൽ നിന്ന് 30 ആക്കണം. ടാക്‌സി നിരക്ക് 150 രൂപയിൽ നിന്ന് 200 ആക്കണം എന്ന് റിപ്പോർട്ടിൽ നിർദ്ദേശം. ഇന്ധനവില വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.


8. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയെ നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നതെന്ന് കോൺഗ്രസ് പ്രചരണവിഭാഗം അധ്യക്ഷൻ കെ.മുരളീധരൻ. പകൽ കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രി ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത് എന്ന് മുരളീധരൻ. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പത്തനംതിട്ടയിലേക്ക് നടത്തുന്ന പദയാത്രയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.


9. അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന പി. ഗോപിനാഥ് മുന്നോട്ടു വച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കാത്തതിനാൽ ആണ് സർക്കാർ തീരുമാനം. പബ്ലിക് പ്രോസിക്യൂട്ടർക്ക് നൽകുന്ന പ്രതിഫലം പോരെന്ന് ചൂണ്ടിക്കാട്ടിയതാണ് ഒഴിവാക്കാൻ കാരണമായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. കേസിൽ ഇനി സർക്കാരിന് വേണ്ടി മണ്ണാർക്കാട് എസ്.സിഎസ്.ടി കോടതിയിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാവും ഹാജരാവുക.


10. ബി.ജെ.പിക്ക് എതിരെ പ്രതിപക്ഷ ഐക്യ രൂപവത്കരണ നീക്കവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇതിന്റെ ഭാഗമായി നവംബർ 22ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു. ഡൽഹിയിലെ ആന്ധ്രാപ്രദേശ് ഭവനിലാണ് യോഗം ചേരുന്നത്.


11. ജിസ് ജോയ് ഒരുക്കുന്ന വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ആണ് നായികാ നായകന്മാർ. സിദ്ദീഖ്, അജു വർഗീസ്, രൺജി പണിക്കർ, ശാന്തി കൃഷ്ണ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജിസ് ജോയിയുടേതാണ്.


12. വിജയ് ചിത്രം സർക്കാരിന് എതിരായ പ്രതിഷേധത്തെ ന്യായീകരിച്ച് രംഗത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. നേതാക്കളെ പരിഹസിച്ചാൽ പ്രവർത്തകർ ക്ഷുഭിതരാകുന്നത് സ്വാഭാവികം എന്ന് പളനിസ്വാമി പറഞ്ഞു. കോടികൾ വരുമാനം ഉണ്ടാക്കുന്ന സിനിമക്കാർ ജനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രിയായ ജയലളിതയെ വിമർശിക്കുന്ന രംഗങ്ങൾ സിനിമയിൽ ഉണ്ടെന്ന് ആരോപിച്ചായിരുന്നു എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.