''ധനനയം ആറ് പന്തുകൾ കൊണ്ടുള്ള ഒരു ജാലവിദ്യയാണ്"" എന്നാണ് റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ ഒരിക്കൽ അഭിപ്രായപ്പെട്ടത്. ശരിയാണ്. പഴയതു പോലെ പലിശനിരക്ക് കുറച്ചും കൂട്ടിയും സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാനാവില്ല. പുതിയ ദർശനങ്ങൾ വേണം. ഈ സങ്കീർണതകളാലാണ്, ലോകത്തെ പ്രധാന ബാങ്കുകൾ കരുതലോടെ മാത്രം പലിശനിരക്ക് നിർണയിക്കുന്നത്. ഇതുപക്ഷേ, സാധാരണ നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുമുണ്ട്.
ക്രൂഡോയിൽ വില ഇതിനകം 20 ശതമാനം കുറഞ്ഞെങ്കിലും ഗുണഫലം കണ്ടുതുടങ്ങിയിട്ടില്ല. എന്നാൽ, ഇത് നാണയപ്പെരുപ്പം കുറയ്‌ക്കുമെന്നും കേന്ദ്രബാങ്കുകൾ പലിശയുടെ കാര്യത്തിലെ തീരുമാനം വൈകിപ്പിക്കുമെന്നുമാണ് പ്രതീക്ഷ. എന്നാൽ, ആശങ്കകൾ ഒട്ടേറയുണ്ട് - വ്യാപാരയുദ്ധം, ഒപെക്കിന്റെ ഭീഷണികൾ, വർദ്ധിക്കുന്ന മാന്ദ്യം എന്നിങ്ങനെ. അതുകൊണ്ടു തന്നെ, കഴിഞ്ഞയാഴ്‌ചയും വ്യത്യസ്‌തമായിരുന്നില്ല; നിഫ്‌റ്രി 0.12 ശതമാനം ഇടിഞ്ഞ് 10,585ൽ എത്തിനിന്നു.
ഇന്ത്യയടക്കമുള്ള 'ഉദിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥകൾ" ധനനയത്തിൽ ശക്തമായ 'മുറുക്കൽ" തുടർന്നേക്കും. അമേരിക്കയുടെ വലിയ വളർച്ച, ലോകത്ത് പൊതുവേ കാണുന്ന നിക്ഷേപമദ്ധ്യത, ക്രൂഡോയിൽ വിലവർദ്ധന എന്നിവ സമീപകാലത്ത് പലിശനിരക്ക് കുറയില്ലെന്ന സൂചന നൽകുന്നു. ഈ പ്രവണത യൂറോ മേഖലയിലേക്കും കാനഡ, കൊറിയ എന്നിവിടങ്ങളിലേക്കും പടർന്നേക്കാം. ഇത്, ആഗോളതലത്തിൽ സമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയുമാകാം.
ഒക്‌ടോബറിൽ, റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടുമെന്ന സൂചനകൾ നൽകിയിരുന്നു. ആഭ്യന്തര-വിദേശ ഘടകങ്ങളും അതിന് അനുകൂലമാണ്. സർക്കാരും റിസർവ് ബാങ്കും തമ്മിലെ തർക്കം നിലനിന്നാലും ഇപ്പോൾ ഒരു 'അനായാസ നയം" സ്വീകരിച്ചാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഓരോ പലിശവർദ്ദനയും ഇളവും സമ്പദ്‌വ്യവസ്ഥയിൽ പ്രതിഫലിക്കാൻ മൂന്നുമാസത്തോളം വേണം.
അമേരിക്ക-ചൈന വ്യാപാരയുദ്ധം തുടരുന്നത് ഇനിയും പ്രശ്‌നങ്ങളുണ്ടാക്കും. രൂപയുടെ ദിശയും പ്രവചനാതീതം. അമേരിക്കയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചത് ശുഭകരമാണ്. എന്നാൽ, ഇന്ത്യയിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അനിശ്‌ചിതത്വം സൃഷ്‌ടിച്ചേക്കും. അമേരിക്കൻ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്ക് ഇന്ത്യയെ വലയ്‌ക്കും. ഇപ്പോഴത്, കുറഞ്ഞു നിൽക്കുകയാണ്. ഇനിയത് സ്വാധീനഘടകമല്ലാതാവാം. അപ്പോൾ, ഇന്ത്യൻ ഓഹരികളിൽ കാര്യമായ ഉയർചലനങ്ങൾ ഉണ്ടാവില്ല. ആഭ്യന്തര ഘടകങ്ങളിലാണ് ഇനി ഇന്ത്യൻ പ്രതീക്ഷ. കോർപ്പറേറ്റ് സ്ഥാപനങ്ങൾ പ്രതീക്ഷിച്ചതുപോലെ മെച്ചപ്പെട്ട പ്രവർത്തനഫലം നൽകി. എന്നാൽ, വിപണിയുടെ മറ്റ് പ്രശ്‌നങ്ങളിൽ ആ നേട്ടം മുങ്ങിപ്പോയി.
ബാങ്കിതര സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങൾ തീർക്കാൻ സർക്കാരിന് ഇനിയും കഴിയാത്തത് ഓഹരികളെ ബാധിക്കാം. നിക്ഷേപകർ തത്കാലം, പുതിയ നിക്ഷേപം നടത്താതെ, ലിക്വിഡ് ഫണ്ടുകൾ വഴി ഓഹരിയെ സമീപിക്കുന്നതാണ് ഉചിതം. ലിക്വിഡ് ഫണ്ടുകൾ കടപ്പത്രങ്ങളിലും മണി മാർക്കറ്റ് ഉപാധികളിലും നിക്ഷേപിക്കുന്ന മ്യൂച്വൽഫണ്ടുകളാണ്. അവ പൊതുവേ സുരക്ഷിതവുമാണ്. ഫിക്‌സഡ് ഡെപ്പോസിറ്റിൽ കാര്യമായി നിക്ഷേപിക്കുന്ന മലയാളികൾക്ക് ഇതു നല്ല സമയമാണ്. പലിശനിരക്ക് നിരക്ക് ഇനിയും കൂടും. കോട്ടക് ബാങ്ക് മുതൽ എസ്.ബി.ഐ വരെ 6.50-6.75 ശതമാനം പലിശ നൽകുന്നുണ്ട്.
കോർപ്പറേറ്റ് പേപ്പറുകൾ ഇപ്പോൾ ഒമ്പത് ശതമാനമോ കൂടുതലോ നൽകുന്നുണ്ട്. മഹീന്ദ്ര ഫിനാൻസ് പോലുള്ള സ്ഥാപനങ്ങൾ ഉദാഹരണം. നിങ്ങൾ നോക്കേണ്ടത് ഇവയ്ക്ക് 'AAA" റേറ്റിംഗ് ഉണ്ടോ എന്നാണ്. നിങ്ങൾ സീനിയർ സിറ്റിസൺ ആണെങ്കിൽ, 0.35-0.50 ശതമാനം അധികപലിശയും ലഭിക്കും. ഇത്, അടുത്ത ധനനയത്തിലോ അതിനുമുമ്പോ കൂടാം.
ഇനി ഇതിന്റെ മറുവശം നോക്കാം - ബിസിനസുകൾക്ക് വായ്‌പ കഠിനമാകും. റിയൽ എസ്റ്റേറ്റ് നിക്ഷേപകരെയും യഥാർത്ഥ ഉപഭോക്താക്കളെയും ഇത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഈ മേഖലകളിൽ വലിയ പ്രതീക്ഷ വേണ്ട. സ്വർണത്തിന് പൊതുവേ സമയം മോശമാണ്. ക്രൂഡോയിലിന്റെ ഈയടുത്ത് കണ്ട വ്യതിയാനം പൊതുവേ കമ്മോഡിറ്റി വിപണിയിലെ വിശ്വാസവും നഷ്‌ടപ്പെടുത്തിയിരിക്കുന്നു.അസ്ഥിരത പ്രകടമായതിനാൽ, കഴിഞ്ഞ ദീപാവലി നിരാശപ്പെടുത്തി. വാഹനവിപണി ഇത്രയും തളർന്ന സമയം അടുത്തകാലത്തില്ല. ഇന്ത്യ ശക്തമായ ഉപഭോഗ വിപണിയാണെന്ന സങ്കല്‌പം തകർന്നതുപോലെ!
അമേരിക്ക ഈ ഡിസംബറോടെ നാലാമത്തെ പലിശ വർദ്ധനയ്ക്ക് തയ്യാറെടുക്കുകയാണ്. ഒപെക് മന്ത്രിമാർ എണ്ണ സപ്ളൈ കുറയ്‌ക്കണമെന്ന് വ്യഗ്രത കൂട്ടുന്നു. മൂഡീസ് പോലുള്ള എജൻസികൾ പറയുന്നു - ലോക സമ്പദ്‌വളർച്ച രണ്ടു ശതമാനത്തിന് താഴെയെത്തുമെന്ന്. സാധാരണ നിക്ഷേപകരുടെ സമ്പദ് സുരക്ഷ ദുർബലവും അവസരങ്ങൾ കുറവുമാണെന്നുമാണ് ഈ ഘടകങ്ങൾ ദൃശ്യമാക്കുന്നത്.