തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. സംഭവത്തിലെ മുഖ്യപ്രതി ഡിവൈ.എസ്.പി ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജുവലറി ഉടമ ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയാണ് പിടിയിലായത്. പ്രതികൾക്ക് രക്ഷപ്പെടാൻ വാഹനം എത്തിച്ച് നൽകിയത് അനൂപാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. എന്നാൽ ഹരികുമാറിനെ പിടികൂടാൻ പൊലീസിന് കഴിയാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
നെയ്യാറ്റിൻകരയിൽ നിന്നും രക്ഷപ്പെട്ട ഹരികുമാറിനും സംഘത്തിനും ഒളിച്ച് താമസിക്കാൻ അവസരമൊരുക്കുകയും സിം കാർഡുകൾ സംഘടിപ്പിച്ച് നൽകുകയും ചെയ്ത നെടുമങ്ങാട് സ്വദേശിയും തൃപ്പരപ്പിലെ ലോഡ്ജ് മാനേജരുമായ സതീഷിനെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ ഹരികുമാർ എവിടെയാണെന്ന കാര്യം വ്യക്തമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ.
അതേസമയം, ഹരികുമാർ ഇപ്പോഴും തമിഴ്നാട്ടിൽ തന്നെയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഒരുസ്ഥലത്ത് ഒളിച്ച് താമസിക്കാതെ വാഹനത്തിൽ അടിക്കടി സ്ഥലം മാറുകയാണെന്നാണ് വിവരം. അടിക്കടി താവളം മാറുന്ന ഹരികുമാറിന്റെ മൊബൈൽ ഇടയ്ക്കിടെ ഓൺ ആകുന്നതായും കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകരയിലെ സംഭവ ശേഷം രക്ഷപ്പെട്ട ഹരികുമാറും സുഹൃത്ത് ബിനുവും ആദ്യം രഹസ്യ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. പിന്നീട് സനലിന്റെ മരണം ഉറപ്പിച്ച ശേഷം തമിഴ്നാട്ടിലെ തൃപ്പരപ്പിലേക്ക് കടന്നു. ഇവിടെ വച്ച് സതീഷ് ഹരികുമാറിന് രണ്ട് സിം കാർഡുകൾ തരപ്പെടുത്തി നൽകി. ഈ സിം കാർഡുകൾ ഉപയോഗിച്ചാണ് ഹരികുമാർ അഭിഭാഷകരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടത്.എന്നാൽ സിം കാർഡുകൾ ഈ മാസം ഏഴിന് ശേഷം പ്രവർത്തിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സിമ്മിൽ നിന്നും വിളിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.