പാരിസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണ് തുണിയുരിഞ്ഞ് പ്രതിഷേധിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കി. പാരിസിൽ ഒന്നാം ലോക മഹായുദ്ധത്തോട് അനുബന്ധിച്ചുള്ള അനുസ്‌മരണ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയപ്പോഴാണ് യുവതിയുടെ പ്രതിഷേധം. ഫ്രാൻസിൽ നിരോധിക്കപ്പെട്ട തീവ്ര ഫെമിനിസ്‌റ്റ് കൂട്ടായ്‌മയായ ഫെമൻ എന്ന സംഘടനയുടെ പ്രവർത്തകയാണ് പ്രതിഷേധവുമായി എത്തിയത്. ലൈംഗിക ചൂഷണം, വംശീയത, സ്വവർഗരതി വിരുദ്ധത എന്നീ വിഷയങ്ങളിൽ പ്രതിഷേധം അറിയിക്കാനാണ് പൂർണ നഗ്നയായി താൻ റോഡിലേക്ക് ഇറങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷയുള്ള ഭരണാധികാരികളിൽ ഒരാളായ ട്രംപിന് നേരെയുണ്ടായ പ്രതിഷേധം വൻ സുരക്ഷാ വീഴ്‌ചയായാണ് വിലയിരുത്തൽ. എഴുപതോളം ലോകനേതാക്കൾ പങ്കെടുത്ത ചടങ്ങിനെത്തിയ ട്രംപിന് അടുത്തേക്ക് വരെ പ്രതിഷേധക്കാർ എത്തിയത് എങ്ങനെയെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം.