നടി ശ്രിന്ദ വിവാഹിതയായി. യുവ സംവിധായകൻ സിജു എസ്.ബാവയാണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഫഹദ് ഫാസിൽ, ഇഷ തൽവാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'നാളെ' എന്ന ചിത്രം സംവിധാനം ചെയ്‌തത് സിജുവായിരുന്നു.
2010ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് 22 ഫീമെയിൽ കോട്ടയം, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്രിന്ദയുടെ ഹാസ്യപ്രധാനമായ കഥാപാത്രങ്ങളും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
സിനിമയിൽ എത്തുന്നതിന് മുമ്പ് ശ്രിന്ദ വിവാഹിതയായിരുന്നു. എന്നാൽ നാലുവർഷത്തിനു ശേഷം ഇവർ പിരിയുകയായിരുന്നു. ശ്രിന്ദയ്ക്ക് ഒരു മകനുണ്ട്. അർഹാൻ എന്നാണ് മകന്റെ പേര്.