ayyankali

സംസ്ഥാന സർക്കാർ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചത് ഏറെ ഉചിതമായി. നിരവധി പോരാട്ടങ്ങളെ തുടർന്നാണ് പിന്നാക്ക വിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി 1936ൽ ലഭിച്ചത്. ഇതിന്റെ കാലിക പ്രസക്തി കൂടി കണക്കിലെടുത്താവും സർക്കാർ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

തിരുവനന്തപുരം വി. ജെ. ടി ഹാളിൽ ആഘോഷങ്ങളുടെ ഭാഗമായി വലിയൊരു ചരിത്രപ്രദർശനം സർക്കാർ സംഘടിപ്പിച്ചിരുന്നു. കേരളം കടന്നുവന്ന നവോത്ഥാന കാലഘട്ടത്തിന്റെ നേർക്കാഴ്ചയായിരുന്നു ഇത്. കേരളത്തിലെ നവോത്ഥാന നായകരുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളെക്കുറിച്ചും ഇവിടെ നിലനിന്നിരുന്ന ദുരാചാരങ്ങളെക്കുറിച്ചും രേഖകളുടെ പിൻബലത്തോടെയാണ് പ്രദർശനം സജ്ജീകരിച്ചിരുന്നത്. നമ്മുടെ കേരളം എങ്ങനെ ഇന്നു കാണുന്ന നാടായി മാറിയെന്നതിനെക്കുറിച്ച് യുവതലമുറയ്ക്ക് അറിവ് പകരുന്നതായിരുന്നു പ്രദർശനം.
നവോത്ഥാന നായകരുടെ കാര്യം പറയുമ്പോൾ പലപ്പോഴും തിരസ്‌കരിക്കപ്പെടുന്ന പേരാണ് അയ്യങ്കാളിയുടേത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ പ്രദർശനം ഇതിലും വ്യത്യസ്തമായി. അയ്യങ്കാളിയുടെ പോരാട്ടങ്ങളുടെ വിശദമായ വിവരണം ചിത്രങ്ങളോടെ പ്രദർശനത്തിൽ ഉൾപ്പെടുത്താൻ തയ്യാറായ സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
പിന്നാക്കക്കാരുടെയും അധ:സ്ഥിതരുടെയും ഉന്നമനത്തിനായി അദ്ദേഹം നടത്തിയ കല്ലുമാല സമരം, കർഷക സമരം, ഊരുട്ടമ്പലം സമരം തുടങ്ങിയവയുടെ വിശദാംശങ്ങൾ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. രാജപാതയിൽ സഞ്ചരിക്കാൻ അനുമതിയില്ലാതിരുന്നതിനെതിരെ വില്ലുവണ്ടിയിൽ ഒരു കൊടുങ്കാറ്റു പോലെ കടന്നുവന്ന് സവർണ മേലാളരെ വിറപ്പിച്ച അയ്യങ്കാളിയെക്കുറിച്ച് വില്ലുവണ്ടിയിൽ അയ്യൻകാളിയെത്തി എന്ന തലക്കെട്ടോടെയാണ് വിശദാംശങ്ങൾ നൽകിയത്. ജാതിവിവേചനത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന അതിശക്തമായ സമരമാണ് വില്ലുവണ്ടി സമരം. അതിന് വേണ്ട പ്രാധാന്യം നൽകാൻ സർക്കാർ തയ്യാറായി. കർഷക സമരത്തിന് നേതൃത്വം നൽകിയ അയ്യങ്കാളിയെ പിടിച്ചുകൊടുക്കുന്നവർക്ക് ജന്മിമാർ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്ന വിവരം പുതിയ അറിവ് പകരുന്നതായി. ഈ പ്രദർശനം കണ്ടവർക്ക് അയ്യങ്കാളി ആരായിരുന്നുവെന്നും കേരള ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം എന്തായിരുന്നുവെന്നും വ്യക്തമായ ചിത്രം ലഭിക്കും.

വിശ്വനാഥൻ,​ കരമന
തിരുവനന്തപുരം