നാഗർകോവിൽ : 'പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്നാണ് ചൊല്ല്' മാർത്താണ്ഡത്തെ മേൽപ്പാലം നന്നായി കുലുങ്ങുമെന്ന് മാത്രമല്ല, ആടുകയും ചെയ്യും. പക്ഷേ, അധികൃതർക്ക് കുലുക്കമില്ല. പൂർണമായും ഉരുക്കിന്റെ ബീമുകളിൽ പണിതിരിക്കുന്ന പാലം നിർമ്മാണത്തിലെ പ്രത്യേകതകൊണ്ടാണത്രേ ആടുന്നത്.
തെക്കെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഈ പാലം ഉദ്ഘാടനത്തിന് മുന്നോടിയായി ശനിയാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. ആയിരക്കണക്കിനാളുകളാണ് കാണാനെത്തിയത്. പാലം ഇളകാൻ തുടങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. അധികൃതരെത്തി 'ടെക്നോളജി' വെളിപ്പെടുത്തിയതോടെ പരിഭ്രാന്തി അത്ഭുതത്തിലേക്ക് വഴിമാറി.
കുഴിത്തുറയിൽ നിന്ന് പമ്മം വരെ 2687 മീറ്റർ നീളമുണ്ട്. ചെലവഴിച്ചത് 179 കോടി രൂപ. രണ്ട് വർഷം കൊണ്ടാണ് പണി പൂർത്തിയായത്. അപ്രോച്ച് റോഡുകൾ കൂടി പൂർത്തിയാക്കിയാൽ വാഹനഗതാഗതം ആരംഭിക്കും. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനും പാലം കാണാനെത്തിയിരുന്നു.