bik
THUNDERBIRD

റോയൽ എൻഫീൽഡിന്റെ ജനപ്രിയ ക്രൂസറായ തണ്ടർബേർഡിന് ഇനി എ.ബി.എസ് കരുത്തേക്കും. ആന്റിലോക്ക് ബ്രേക്കിംഗ് സിസ്‌റ്റത്തിന്റെ (എ.ബി.എസ്) പെരുമയുള്ള പുത്തൻ തണ്ടർബേർഡ് 350 എക്‌സിന് 1.63 ലക്ഷം രൂപയാണ് ന്യൂഡൽഹി എക്‌സ്ഷോറൂം വില. മുൻ മോഡലിനേക്കാൾ ഏഴായിരം രൂപയോളം അധികമാണിത്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

പ്രതിദിന, ദീർഘദൂര യാത്രകൾ ഇഷ്‌ടപ്പെടുന്നവർക്ക് അനുയോജ്യമായ വിധം റൈഡിംഗ് സജ്ജീകരണങ്ങൾ ഒരുക്കിയാണ് പുത്തൻ തണ്ടർബേർഡ് 350 എക്‌സ് എ.ബി.എസിന് റോയൽ എൻഫീൽഡ് രൂപംനൽകിയിരിക്കുന്നത്. 2019 ഏപ്രിൽ മുതൽ 125 സി.സിക്ക് മുകളിലുള്ള എല്ലാ ബൈക്കുകളിലും എ.ബി.എസ് നിർബന്ധമാണെന്ന കേന്ദ്രസർക്കാർ ചട്ടം പാലിക്കുക കൂടി ലക്ഷ്യമിട്ടാണ് സ്വന്തം മോഡലുകളുടെ എ.ബി.എസ് പതിപ്പും എൻഫീൽഡ് പുറത്തിറക്കുന്നത്. തണ്ടർബേർഡ് 500 എക്‌സിനും വൈകാതെ എ.ബി.എസ് അപ്‌ഡേറ്രിംഗ് പ്രതീക്ഷിക്കാം.

യുവാക്കളെ ഹരംപിടിപ്പിക്കാനായി റൈഡിംഗ് പൊസിഷൻ പൊളിച്ചെഴുതിയിട്ടുണ്ട് തണ്ടർബേർഡ് 350 എക്‌സിൽ. ഹാൻഡിൽ ബാർ ഫ്ളാറ്റാക്കിയിരിക്കുന്നു. സീറ്രും പുനഃക്രമീകരിച്ചു. ഫുഡ്‌പെഗ് പൊസിഷൻ മദ്ധ്യത്തിലുമാക്കി. ഇന്ധനടാങ്കിന് തിളക്കമേറിയ നിറവും ബൈക്കിന്റെ ബാക്കിഭാഗത്തെ് കറുപ്പഴകുമാണ് നൽകിയിട്ടുള്ളത്. റോയൽ എൻഫീൽഡിന്റെ ക്രൂസർ ശ്രേണിയിൽ ആദ്യമായി ട്യൂബ്‌ലെസ് ടയറുകൾക്കൊപ്പം അലോയ് വീലും സ്ഥാനംപിടിച്ചുവെന്ന നേട്ടവും തണ്ടർബേർഡ് 350 എക്‌സിനുള്ളതാണ്.

19 ബി.എച്ച്.പി കരുത്തും 23 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന 346 സി.സി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണുള്ളത്. ഗിയറുകൾ അ‌ഞ്ച്. മികച്ച ബ്രേക്കിംഗിനായി ഇരുടയറുകളിലും ഡിസ്‌ക് ബ്രേക്കുകളും കാണാം. യാത്രാസുഖം ഉറപ്പാക്കാൻ പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളും മുന്നിൽ ടെലസ്‌കോപ്പിക് ഫോർക്കും ഇടംപിടിച്ചിരിക്കുന്നു.