റായ്‌പൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിലയിരുത്തപ്പെടുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തുടക്കം. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഛത്തീസ്ഗഡിൽ ആരംഭിച്ചു. മാവോയിസ്‌റ്റുകളുടെ സ്വാധീന മേഖലയിൽ 18 സീറ്റുകളിലാണ് മത്സരം നടക്കുന്നത്.
ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ മാവോയിസ്റ്റുകൾ ഇന്നലെ അനന്തഗഡ് ഗ്രാമത്തിൽ നടത്തിയ സ്ഫോടന പരമ്പരയിൽ ഒരു ബി. എസ്. എഫ് ജവാൻ കൊല്ലപ്പെട്ടു. ബി.എസ്.എഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മഹേന്ദർ സിംഗ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഹെലികോപ്ടറിൽ റായ്‌പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മവോയിസ്റ്റ് മേഖലയിലെ 18 അസംബ്ലി സീറ്റുകളിലായി ഒരു ലക്ഷത്തോളം സുരക്ഷാഭന്മാരെ വിന്യസിച്ചിരിക്കെയാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌ത മാവോയിസ്റ്റുകളുടെ ആക്രമണം. റായ്‌പൂരിൽ നിന്ന് 180 കിലോമീറ്റർ അകലെ കൻകേർ ജില്ലയിലെ കോയലിബേദ മേഖലയിൽ ഇന്നലെ പുലർച്ചെ ഏഴ് കുഴിബോംബുകൾ പരമ്പരയായി ബന്ധിപ്പിച്ച് തുടർച്ചയായി സ്ഫോടനങ്ങൾ നടത്തുകയായിരുന്നു.
രണ്ടാഴ്‌ചയ്‌ക്കിടെ മാവോയിസ്റ്റുകൾ നടത്തുന്ന ആറാമത്തെ ആക്രമണമാണിത്. ദൂരദർശൻ കാമറാമാൻ ഉൾപ്പെടെ 18 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
ബീജാപ്പുർ ജില്ലയിലെ ബേദ്രെ മേഖലയിലുണ്ടായ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മറ്റൊരാളെ സുരക്ഷാസേന പിടികൂടി.ഇവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ മേഖലയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ടെന്നും നക്സൽ വിരുദ്ധ ഓപറേഷൻസ് ഡി.ഐ.ജി പി. സുന്ദർരാജ് അറിയിച്ചു. .
റെഡ് സോൺ
മാവോയിസ്റ്റ് ഭീഷണി അതിരൂക്ഷമായ 12 മണ്ഡലങ്ങളെ ‘റെഡ് സോൺ’ സീറ്റുകളായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശ്നബാധിത മണ്ഡലങ്ങളിൽ പത്തെണ്ണത്തിൽ രാവിലെ ഏഴു മുതൽ വൈകിട്ട് മൂന്നു വരെയാണ് പോളിംഗ്. എട്ടു മണ്ഡലങ്ങളിൽ രാവിലെ എട്ടു മുതൽ അഞ്ചു വരെയും. കനത്ത സുരക്ഷയിലാണ് പോളിംഗ് ഉദ്യോഗസ്ഥരെയും പോളിംഗ് സാമഗ്രികളും ഓരോ ബൂത്തിലും എത്തിച്ചത്. 200ഓളം ബൂത്തുകളിൽ ഹെലികോപ്റ്റർ സേവനം ഉണ്ട്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയെയുമാണ് മാവോയിസ്റ്റുകൾ ഉന്നം വയ്ക്കുന്നത്.