വാഷിംഗ്ടൺ : അമേരിക്കയിലെ കാലിഫോർണിയയിൽ മൂന്നുദിവസമായി സംഹാര താണ്ഡവമാടുന്ന 'വൂൾസി ഫയർ' കാട്ടുതീയിൽ മരണം 25 ആയി ഉയർന്നു. 14 മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നൂറ്റിപ്പത്ത് പേരെ കാണാതായിട്ടുണ്ട്.
ശക്തമായ കാറ്റിൽ തീ ആളിപ്പടരുന്നതിനാൽ മരണസംഖ്യ കൂടാനാണ് സാദ്ധ്യത. രണ്ടര ലക്ഷത്തിലേറെ പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഫ്ലോറിഡയിലെ ഓർലാൻഡോ നഗരത്തിലെ ജനസംഖ്യയേക്കാൾ കൂടുതലാണിത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീയെന്ന് വിലയിരുത്തപ്പെടുന്ന വൂൾസിഫയറിനെ നിയന്ത്രിക്കാനായിട്ടില്ല. 7000ത്തോളം കെട്ടിടങ്ങൾ, വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ മുതലായവ കത്തിനശിച്ചു. 1.5ലക്ഷം ഏക്കറോളം വിസ്തൃതിയിലാണ് തീ പടർന്നുപിടിച്ചത്. തൗസൻഡ് ഓക്സ്, പാരഡൈസ് പട്ടണങ്ങളിലാണ് ഏറെ നാശംവിതച്ചത്.
90000 ഏക്കർ കത്തിനശിച്ച ബുട്ടി കൗണ്ടിയിൽ 35 പേരെ കാണാതായി. ഒട്ടേറെ ഹോളിവുഡ് താരങ്ങളുടെ വസതികളുള്ള മാലിബു ബീച്ചിലേക്കും തീ പടർന്നുപിടിച്ചതോടെ താരങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു.
ഹൃദയശൂന്യം
കാട്ടുതീയെക്കുറിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം 'തികച്ചും ഹൃദയശൂന്യ'മാണെന്ന് ഗായിക കാറ്റി പെറി പറഞ്ഞു. വന പരിപാലനത്തിലുള്ള അപാകതയാണ് കാട്ടുതീക്ക് കാരണമായതെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
താരങ്ങൾ വീടൊഴിഞ്ഞു
കാട്ടുതീ പടർന്നതോടെ മാലിബു നഗരത്തിലുള്ള മുഴുവൻപേരെയും ഒഴിപ്പിച്ചു. ഹോളിവുഡ് താരങ്ങളായ കിം കർദാഷിയാൻ വെസ്റ്റ്, വിൽ സ്മിത്ത്, കെയ്ത്ലിൻ ജെന്നർ, ഡെനിസ് റിച്ചാർഡ്സ് തുടങ്ങിയവരെ മാറ്റിപാർപ്പിച്ചു. ലേഡി ഗാഗയും ഗ്വില്ലർമോ ഡെൽ ടറോയും വീടുകൾക്ക് തീ പിടിച്ചേക്കുമെന്ന ഭീതിയിലാണ്. കാലാബാസിലുള്ള വീട്ടിൽ നിന്ന് താൻ ഓടിപ്പോകുകയായിരുന്നുവെന്ന് വിൽ സ്ടമിത്ത് പറഞ്ഞു.
തലനാരിഴയ്ക്ക് രക്ഷപെട്ടു- ശ്രുതി ഹാസൻ
കാലിഫോർണിയയിലെ കാട്ടുതീയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കമലഹാസന്റെ മകളും നടിയുമായ ശ്രുതിഹാസൻ. കാട്ടുതീ പടരുന്നതിന് ഒരു ദിവസം മുമ്പ് വരെ ലോസാഞ്ചലസിലും മാലിബുവിലും താൻ ഉണ്ടായിരുന്നെന്ന് ശ്രുതിഹാസൻ ട്വീറ്റ് ചെയ്തു. കാട്ടുതീയെക്കുറിച്ചുള്ള വാർത്തകൾ വിശ്വസിക്കാനാവുന്നില്ലെന്നും എല്ലാവരും സുരക്ഷിതരായിരിക്കട്ടെയെന്നും ശ്രുതി കുറിച്ചു.