neyyattinkara-murder

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതകക്കേസിലെ മുഖ്യപ്രതി ഡി.വൈ.എസ്.പി ഹരികുമാർ രക്ഷപെടാൻ ഉപയോഗിച്ച കാർ കണ്ടെത്തി. കല്ലമ്പലം വരെയാണ് ഈ കാർ ഉപയോഗിച്ചത്. അതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു. കല്ലറയിലെ കുടുംബവീട്ടിലാണ് കാർ ഇപ്പോൾ ഉള്ളത്. ഡി.വൈ.എസ്.പിയുടെ സുഹൃത്തിന്റെ മകൻ അനൂപ് കൃഷ്ണയാണ് ഹരികുമാറിന് രക്ഷപെടാൻ കാറെത്തിച്ച് കൊടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാർ പൊലീസ് കസ്റ്റടിയിലെടുക്കും.

നെയ്യാറ്രിൻകരയിൽ സനൽകുമാറിനെ റോഡിൽ തള്ളിയിട്ട് കൊന്ന ശേഷം ഡി.വൈ.എസ്.പി ഹരികുമാർ ഒളിവിലാണ്. ഹരികുമാർ ഇപ്പോഴും തമിഴ്നാട്ടിൽ തന്നെയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഒരുസ്ഥലത്ത് ഒളിച്ച് താമസിക്കാതെ വാഹനത്തിൽ അടിക്കടി സ്ഥലം മാറുകയാണെന്നാണ് വിവരം. അടിക്കടി താവളം മാറുന്ന ഹരികുമാറിന്റെ മൊബൈൽ ഇടയ്‌ക്കിടെ ഓൺ ആകുന്നതായും കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകരയിലെ സംഭവ ശേഷം രക്ഷപ്പെട്ട ഹരികുമാറും സുഹൃത്ത് ബിനുവും ആദ്യം രഹസ്യ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. പിന്നീട് സനലിന്റെ മരണം ഉറപ്പിച്ച ശേഷം തമിഴ്നാട്ടിലെ തൃപ്പരപ്പിലേക്ക് കടന്നു. ഇവിടെ വച്ച് സതീഷ് ഹരികുമാറിന് രണ്ട് സിം കാർഡുകൾ തരപ്പെടുത്തി നൽകി. ഈ സിം കാർഡുകൾ ഉപയോഗിച്ചാണ് ഹരികുമാർ അഭിഭാഷകരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടത്.എന്നാൽ സിം കാർഡുകൾ ഈ മാസം ഏഴിന് ശേഷം പ്രവർത്തിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സിമ്മിൽ നിന്നും വിളിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.