strawberry

സിഡ്നി ആസ്ട്രേലിയയിൽ സ്ട്രോബറി പഴങ്ങൾക്കുള്ളിൽ തയ്യൽ സൂചി കണ്ടെത്തിയ സംഭവത്തിൽ 50കാരിയെ അറസ്റ്റുചെയ്തു. കഴിഞ്ഞ സെപ്തംബർ മുതൽ ഓസ്ട്രേലിയയെ പരിഭ്രാന്തിയിലാക്കിയ സൂചിപ്പേടിക്കാണ് ഇതോടെ അവസാനമായത്. സൂപ്പർ മാർക്കറ്റുകളിൽ പ്ലാസ്റ്റിക് ബോക്സുകളിൽ പായ്ക്ക് ചെയ്ത പഴങ്ങളിൽ നിന്നാണ് സൂചി കണ്ടെത്തിയത്. ഇവയിൽ സ്ട്രോബറികളിൽ ആയിരുന്നു കൂടുതൽ സൂചി കണ്ടെത്തിയത്. ആപ്പിൾ, മാമ്പഴം, തുടങ്ങിയവയിൽ നിന്നും തയ്യൽ സൂചികൾ കണ്ടെത്തിയിരുന്നു.

സ്ട്രോബറി കഴിച്ച ഒരാളെ വയറു വേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. സമാനമായ സംഭവങ്ങൾ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഓസ്‌ട്രേലിയയിലെ ആറു സംസ്ഥാനങ്ങളിൽ നിന്ന് സൂചികൾ അടങ്ങിയ സ്ട്രോബറി കണ്ടെത്തി. ഇതേത്തുടർന്ന് സർക്കാർ ഇടപെട്ട് സ്‌ട്രോബറി വില്പന പൂർണമായും നിർത്തിവച്ചു.

സംഭവം അന്വേഷിക്കാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തുന്നവർക്ക് ക്വീൻസ്‍ലൻഡ് അധികൃതർ വൻതുകയാണു പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നത്. സംഭവത്തെതുടർന്ന് രാജ്യത്ത് സ്ട്രോബറി പഴങ്ങളുടെ വില്പന കുത്തനെ താഴ്ന്നിരുന്നു. കർഷകർ ടൺകണക്കിനു പഴങ്ങളാണ് വെറുതെ കളഞ്ഞത്. കുറ്റക്കാർക്ക് ജയിൽ ശിക്ഷയുൾപ്പെടെ നൽകുമെന്ന് ഓസ്ട്രേലിയൻ സർക്കാരും അറിയിച്ചിരുന്നു. ഇതിനിടെയാണ് ക്വീൻസ്‌ലാന്റ് പൊലീസ് ഇവരെ അറസ്റ്റുചെയ്തത്.

പഴങ്ങളിൽ സൂചി നിക്ഷേപിക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവരെ തിങ്കളാഴ്ച ബ്രിസ്‌ബെയ്ൻ കോടതിയിൽ ഹാജരാക്കും.