ന്യൂഡൽഹി: ഇന്ത്യൻ കയറ്റുമതി രംഗത്തെ 30 സുപ്രധാന മേഖലകളിൽ പതിനാറും നഷ്‌ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. സെപ്‌തംബറിൽ കയറ്റുമതി വരുമാനം 2.15 ശതമാനം കുറഞ്ഞ് 2,795 കോടി ഡോളറിലെത്തിയിരുന്നു. അരി, തേയില, കാപ്പി, പുകയില, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, ലെതർ, സുഗന്ധവ്യഞ്ജനങ്ങൾ, കശുഅണ്ടി, പഴവർഗങ്ങൾ, പച്ചക്കറികൾ, സമുദ്രോത്‌പന്നങ്ങൾ, ജെംസ്, ആഭരണങ്ങൾ, വസ്‌ത്രങ്ങൾ എന്നിവ സെപ്‌തംബറിൽ കയറ്റുമതി നഷ്‌ടം നേരിട്ടു.
ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ പത്തു ശതമാനം പങ്കുവഹിക്കുന്ന കാർഷിക മേഖലയും സെപ്‌തംബറിൽ നഷ്‌ടമാണ് കുറിച്ചത്. ഈ വിഭാഗത്തിലെ 13ൽ എട്ടു ഇനങ്ങളും നഷ്‌ടം കുറിച്ചു. അരി കയറ്റുമതി 31.64 ശതമാനം, കശുഅണ്ടി 29.3 ശതമാനം, തേയില 15 ശതമാനം എന്നിങ്ങനെയാണ് ഇടിഞ്ഞത്. അതേസമയം, കയറ്റുമതി മേഖലയ്ക്കുള്ള പലിശ സബ്‌സിഡി മൂന്നു ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കിയ കേന്ദ്ര തീരുമാനത്തിന്റെ നേട്ടം വരുംമാസങ്ങളിൽ ലഭിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ. കയറ്റുമതി മേഖലയ്‌ക്ക് ബാങ്ക് വായ്‌പകൾ സുഗമമായി ലഭ്യമാക്കാനും കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് അവർ പറയുന്നു.