കോഴിക്കോട്: ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തോടനുബന്ധിച്ച് പബ്ലിക് റിലേഷൻസ് , സാംസ്കാരിക വകുപ്പുകൾ നടത്തുന്ന ചരിത്ര പ്രദർശനത്തിൽ 93 വർഷംമുമ്പ് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത വൈറലായി. 'ചായക്കടയിൽ കയറിയതിന് പിഴ' എന്നായിരുന്നു തലക്കെട്ട്.
കൊച്ചി ഇടപ്പള്ളിയിൽ ചായകുടിക്കാൻ നായർ സമുദായാംഗത്തിന്റെ കടയിൽ കയറിയ താഴ്ന്ന ജാതിക്കാരനെ കടയുടമ ജാതി ചോദിച്ച് ഭീഷണിപ്പെടുത്തുകയും പൊലീസ് പിഴ അടിക്കുകയും ചെയ്ത സംഭവമാണ് വാർത്ത. ചായ കുടിക്കാൻ വന്ന താഴ്ന്ന ജാതിക്കാരന് ഒരു രൂപയാണ് പൊലീസ് പിഴചുമത്തിയത്. ഇടപ്പള്ളി ഗണപതിക്ക് വിളക്കിനും കൂട്ടപ്പത്തിനും നാല് അണ അടപ്പിക്കുകയും ചെയ്തു. സാമൂഹ്യ വ്യവസ്ഥിതിയും ജാതിവിവേചനവും വെളിപ്പെടുത്തുന്ന ഈ വാർത്ത 1925 ജനുവരി ഒന്നിനാണ് പ്രസിദ്ധികരിച്ചത്. നവോത്ഥാന കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളും നവോത്ഥാന നായകരുടെ സംഭാവനകളുമാണ് പ്രദർശനത്തിലുള്ളത്.