ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ ചരക്ക്-സേവന നികുതി വരുമാന നഷ്‌ടം കുറയുന്നതായി കേന്ദ്ര സർക്കാരിന്റെ കണക്ക്. ജി.എസ്.ടി നടപ്പാക്കിയ ആദ്യ വർഷത്തിൽ (2017 ജൂലായ് മുതൽ 2018 മാർച്ച് വരെ) സംസ്ഥാനങ്ങളുടെ ശരാശരി വരുമാന നഷ്‌ടം 16 ശതമാനമായിരുന്നു. നടപ്പുവർഷം ഏപ്രിൽ-ആഗസ്‌റ്രിൽ ഇത് 13 ശതമാനമായി താഴ്‌ന്നു.
നടപ്പുവർഷം ആഗസ്‌റ്ര്-സെപ്‌തംബറിൽ സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്‌ടപരിഹാരമായി 11,900 കോടി രൂപയാണ് കേന്ദ്രസർക്കാർ നൽകിയത്. ജൂൺ-ജൂലായ് കാലയളവിൽ നൽകിയ 14,930 കോടി രൂപയേക്കാൾ 20 ശതമാനം കുറവാണിത്. ഒക്‌ടോബറിൽ ഒരുലക്ഷം കോടി രൂപയുടെ ജി.എസ്.ടി വരുമാനം സമാഹരിക്കപ്പെട്ടിരുന്നു. ഇതിൽ 52,934 കോടി രൂപയും സംസ്ഥാനങ്ങൾക്കാണ് ലഭിച്ചത്.
രാജ്യത്തെ 25 സംസ്ഥാനങ്ങളും വരുമാന നഷ്‌ടമാണ് ജി.എസ്.ടി നടപ്പാക്കിയ ശേഷവും കുറിക്കുന്നത്. മിസോറം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, സിക്കിം, ആന്ധ്രപ്രദേശ് എന്നിവ മാത്രമാണ് വരുമാന വർദ്ധന രേഖപ്പെടുത്തുന്നത്. പുതുച്ചേരിയാണ് വരുമാന നഷ്‌ടത്തിൽ മുന്നിൽ. 42 ശതമാനമാണ് പുതുച്ചേരിയുടെ വരുമാനക്കുറവ്. പഞ്ചാബം ഹിമാചൽ പ്രദേശും 36 ശതമാനം നഷ്‌ടവുമായി തൊട്ടുപിന്നിലുണ്ട്.
ഉത്തരാഖണ്ഡ് (35 ശതമാനം), ജമ്മു കാശ്‌മീർ (28 ശതമാനം), ഛത്തീസ്ഗഢ് (26 ശതമാനം), ഗോവ (25 ശതമാനം), ഒഡീഷ (24 ശതമാനം), കർണാടകയും ബിഹാറും (20 ശതമാനം) എന്നിവയും നഷ്‌ടത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 41,147 കോടി രൂപ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നഷ്‌ടപരിഹാരം നൽകിയിരുന്നു. 2015-16 അടിസ്ഥാന വർഷപ്രകാരം വരുമാന വളർച്ച 14 ശതമാനത്തിൽ കുറവുള്ള സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം നഷ്‌ടപരിഹാരം നൽകുന്നത്.