തിരുവനന്തപുരം:പലതരം ആചാരങ്ങളെ തകർത്തെറിഞ്ഞുകൊണ്ടാണ് ആധുനിക കേരളം രൂപപ്പെട്ടതെന്നും ജാതിവിരുദ്ധതയിലും സ്ത്രീവിമോചനത്തിലും അധിഷ്ഠിതമായ മൂല്യങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു കേരളീയ നവോത്ഥാനമെന്നും സുനിൽ പി.ഇളയിടം പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികാഘോഷത്തോടനുബന്ധിച്ച് വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച നവോത്ഥാനം: ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തങ്ങൾ മോശക്കാരാണെന്ന് സ്വയം പ്രഖ്യാപിച്ചു ജാഥ സംഘടിപ്പിക്കാൻ ലോകത്തൊരിടത്തും ആരും ശ്രമിക്കുകയില്ല.സ്ത്രീശരീരത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചായിരുന്നു ചാന്നാർ സമരം നടന്നത്. ഇത് കേരളത്തിന്റെ നവോത്ഥാന ചരിത്ര സമരത്തിലെ ഉജ്ജ്വല ഏടാണ്. ഈ മുന്നേറ്റത്തിൽ നിന്നാണ് നവോത്ഥാനത്തിന് തുടക്കമാകുന്നത്. നവോത്ഥാന കാലത്ത് സമുദായമെന്നത് ജാതിയെ ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി ആയിരുന്നില്ല. മറിച്ച് ജാതിയെ ഉന്മൂലനം ചെയ്യുന്നതിനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.