കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്.സിക്ക് തകർപ്പൻ ജയം. സ്വന്തം തട്ടകത്തിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മുന്ന് ഗോളുകൾക്കാണ് ഗോകുലം ഷില്ലോംഗ് ലജോംഗിനെ തോൽപ്പിച്ചത്. ലീഗിൽ ഗോകുലം കേരളയുടെ ആദ്യ വിജയമാണിത്.
കേരളത്തിനായി ഗനി നിഗമാണ് ആദ്യ ഗോൾ നേടിയത്. കളിയുടെ ആദ്യ പകുതി അവസാനിരിക്കെയാണ് ഈ ഗോൾ വന്നത്. രണ്ടാം പകുതി തുടങ്ങി അധികം താമസിയാതെ ഗോകുലം ലീഡ് വർദ്ധിപ്പിച്ചു, 56ാം മിനിറ്റിൽ അന്റോണിയോ ജർമന്റെ വകയായിരുന്നു രണ്ടാം ഗോൾ. 66ാം മിനിറ്റിൽ എസ്.രാജേഷിലൂടെ മൂന്നാം ഗോളും പിറന്നതോടെ ഗോകുലം കേരളയുടെ വിജയം പൂർണമായി. 78ാം മിനിറ്റിൽ ലജോംഗ് ആശ്വാസ ഗോൾ നേടി. ഫ്രാങ്കി ബുവാമിന്റെ വകയായിരുന്നു ഈ ഗോൾ.
നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി ഗോകുലം കേരള എഫ്.സി ഐ ലീഗിൽ നാലാം സ്ഥാനത്താണ്.