1. കേരള സർവകലാശാലയുടെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മന്ത്റി ജി. സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ രാജിവെച്ചു. ഈ ജോലി ഞാൻ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുക ആണെന്നും ഭർത്താവാണ് വലുതെന്നും ഡോ. ജൂബിലി നവപ്രഭ മാദ്ധ്യമങ്ങളോട്. തന്നെയും ഭർത്താവിനെയും അപകീർത്തിപ്പെടുത്താൻ അടിസ്ഥാന രഹിതമായ ആരോപണം ഉയർത്തുന്നു എന്ന് ഡോ. ജൂബിലി നവപ്രഭ വ്യക്തമാക്കി. തന്നെ കരുവാക്കി മന്ത്റിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ആത്മാഭിമാനം നഷ്ടമാക്കി മുന്നോട്ടുപോകാൻ തയ്യാറല്ലെന്നും ജൂബിലി നവപ്രഭ വ്യക്തമാക്കി.
2. ഡോ. ജൂബിലിയുടെ യോഗ്യതകൾക്ക് അനുസരിച്ച് പുതിയ തസ്തിക രൂപീകരിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം. തന്റെ തസ്തിക സ്ഥിരം ആക്കാൻ പോകുക ആണെന്നും ശമ്പളം കൂട്ടാൻ നീക്കം ഉണ്ടെന്നുമുള്ള വാർത്തകൾ അടിസ്ഥാന രഹിതം ആണെന്നും മന്ത്റി ഭാര്യയുടെ വിശദീകരണം. ഡോ. ജൂബിലി നവപ്രഭയെ ടീച്ചേഴ്സ് എഡ്യുക്കേഷന്റെ മേധാവിയായി നിയമിച്ചത് കഴിഞ്ഞ മെയ് മാസത്തിൽ. മന്ത്റിഭാര്യയുടെ നിയമനം സംബന്ധിച്ച് നേരത്തെ പരാതികൾ ഉയർന്നു എങ്കിലും സർവകലാശാലയുടെ സ്വയംഭരണം എന്ന വാദത്തിൽ പരാതികൾ അവസാനിച്ചിരുന്നു.
3. നെയ്യാറ്റിൻകരയിലെ സനലിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. തീരുമാനം, ഐ.ജി തലത്തിലുള്ള അന്വേഷണം വേണമെന്ന സനലിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച്. സർക്കാരിൽ പൂർണ്ണ വിശ്വാസം എന്ന് സനലിന്റെ ഭാര്യ വിജി. ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും പ്രതികരണം. കൊലപാതകത്തെ അപകട മരണമാക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നും നിലവിലെ അന്വേഷണ സംഘത്തോട് ഇനി സഹകരിക്കില്ലെന്നും നേരത്തെ വിജി പറഞ്ഞിരുന്നു
4. അതിനിടെ, കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. ഡിവൈ.എസ്.പി ഹരികുമാറിന്റെ സഹായി തൃപ്പരപ്പിലെ ലോഡ്ജ് മാനേജർ സതീഷ് കുമാറും ഹരികുമാറിന് ഒപ്പം രക്ഷപെട്ട ബിനുവിന്റെ അനൂപ് കൃഷ്ണയും പൊലീസ് കസ്റ്റഡിയിൽ. ഇരുവരും ഡിവൈ.എസ്.പി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ചു എന്ന് പൊലീസ്. പിടിയിലായ ലോഡ്ജ് മാനേജർ സതീഷ് കുമാർ രണ്ടു സിംകാർഡുകൾ ഹരികുമാറിന് എത്തിച്ചു നൽകി എന്ന് അന്വേഷണ സംഘം. സംഭവ സ്ഥലത്ത് നിന്ന് ഹരികുമാർ രക്ഷപെടാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ.
5. ആരോപണങ്ങൾക്കിടെ, ഹരികുമാർ മൂന്നാറിന് സമീപം കേരള- തമിഴ്നാട് അതിർത്തിയിൽ എത്തിയതായി സൂചന. പ്രതിയുടെ ബന്ധുക്കളുടേയും സഹായികളുടേയും മൊബൈൽ ഫോണുകൾ നിരീക്ഷിച്ചും പരിശോധന. പൊലീസ് സേനയിൽ നിന്നുതന്നെ ഹരികുമാറിന് സഹായം ലഭിക്കുന്നു എന്ന ആരോപണവും അന്വേഷണ പരിധിയിൽ. അന്വേഷണ സംഘത്തെ വലയ്ക്കുന്നത് ഹരികുമാർ ഇടയ്ക്കിടെ താവളം മാറുന്നത്. അതേസമയം, പ്രതിയായ ഹരികുമാറിനെ രക്ഷപെടുത്താൻ പൊലീസ് അസോസിയേഷനും സി.പി.എം നേതാക്കളും ചേർന്ന് ഗൂഢാലോചന നടത്തിയതായി വി.എസ്.ഡി.പി ആരോപിച്ചു.
6. ശബരിമലയിലെ നടഅടയ്ക്കൽ വിവാദത്തിൽ പ്രതിരോധത്തിലായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. തന്ത്റി രാജീവര് വിളിച്ചില്ലെന്ന് പറഞ്ഞ പിള്ള കോടതിയിൽ നൽകിയ വിശദീകരണം വിളിച്ചുവെന്ന്. സംഭവത്തിലെ നിലപാട് മാറ്റം തിരിച്ചടിയായേക്കും. സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിൽ പ്രസംഗം നടത്തിയതിന് ബി.ജെ.പി അദ്ധ്യക്ഷനെതിരെ കേസെടുത്തത് കോഴിക്കോട് കസബ പൊലീസ്
7. സ്ത്രീ പ്രവേശന വിഷയത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണയുണ്ടെന്നും തിരുമേനി ഒറ്റയ്ക്ക് അല്ലെന്നും താൻ തന്ത്റിയോട് പറഞ്ഞതായി ശ്രീധരൻ പിള്ള. അതേസമയം, പൊലീസ് നടപടി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി കോടതി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
8. ക്രിക്കറ്റ് പ്രേമികൾക്ക് ആവേശരാവ് ഒരുക്കാൻ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ. ഇന്ത്യ - വെസ്റ്റ് ഇൻഡീസ് അവസാന ട്വന്റി 20 മത്സരത്തിന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ തുടക്കം. ടോസ് നേടിയ വിൻഡീസ് ബാറ്റ് ചെയ്യുന്നു. ഇന്ത്യൻ നിരയിൽ കുൽദീപ് യാദവ്, ജസ്പ്റിത് ബുംറ, ഉമേഷ് യാദവ് എന്നിവർക്ക് വിശ്രമം. വാഷിംഗ്ടൺ സുന്ദർ ടീമിൽ. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ രണ്ടും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു
9. ട്വന്റി 20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെ സെഞ്ച്വറി മികവിൽ ന്യൂസിലൻഡിനെ ഇന്ത്യൻ പെൺപട തോൽപ്പിച്ചത് 34 റൺസിന്. ഗയാനയിലെ പ്രോവിഡൻസ് സ്റ്റേഡിയത്തിൽ മത്സരം തുടങ്ങുന്നത് ഇന്ത്യൻ സമയം രാത്രി 8.30 ന്.