khashoggi

അങ്കാറ : ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹം ആസിഡിൽ അലിയിച്ച് ഓവുചാലിൽ ഒഴുക്കിയതായി റിപ്പോർട്ട്. സൗദി കോൺസുലേറ്റിലെ ഓവുചാലിൽനിന്ന് ശേഖരിച്ച സാമ്പിളിൽ ആസിഡിന്റെ അംശം കണ്ടെത്തിയതായി തുർക്കിയിലെ സർക്കാർ അനുകൂല പത്രമായ സബ റിപ്പോർട്ട് ചെയ്തു.

ഖഷോഗിയുടെ മൃതശരീരം കൊലയാളികൾ ആസിഡിൽ നശിപ്പിച്ചതായി തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാന്റെ ഉപദേശകൻ യാസിൻ അക്തായി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. മൃതശരീരം തെളിവില്ലാത്തവിധം നശിപ്പിക്കാൻ സൗദി ഇസ്താംബൂളിലേക്ക് രണ്ട് വിദഗ്ദ്ധരെ അയച്ചിരുന്നു. കാണാതായ ഖഷോഗിക്കായി അന്വേഷണം നടക്കുന്നതിനിടെ ഒക്ടോബർ 11 മുതൽ 17 വരെ ഈ വിദഗ്ദ്ധർ പലതവണ കോൺസുലേറ്റിൽ എത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ രണ്ടിനാണ് ഖഷോഗി കൊല്ലപ്പെട്ടത്.

തുർക്കി രേഖകൾ കൈമാറി

ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ തുർക്കി,​ അമേരിക്കയ്ക്കും, സൗദിക്കും, ബ്രിട്ടനും, ജർമ്മനിക്കും കൈമാറി. കൊലപാതകം നടന്ന രീതി വിവരിക്കുന്ന ഓഡിയോ തെളിവുകളും കൈമാറിയതായി തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് എർദോഗാൻ ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി.