പാരീസ് : നൂറുവർഷങ്ങൾക്ക് മുമ്പ് , അതായത് 1918ലെ 11-ാം മാസം 11-ാം തിയതി കൃത്യം 11 മണിക്ക്, പരസ്പരം പോർവിളി ഉയർത്തിയ രാജ്യങ്ങൾ വെടിനിറുത്തൽ കരാർ ഒപ്പിട്ടു. അതോടെ ഒരുകോടി സൈനികരുടെ ജീവനെടുത്ത തോക്കുകൾ നിശബ്ദരായി. യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലായ് 28 മുതൽ 1918 നവംബർ 11 വരെ നീണ്ട ഒന്നാം ലോകമഹായുദ്ധത്തിന് വിരാമം കുറിച്ചതിങ്ങനെയാണ്.
ഇതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഇന്നലെ, 11-11-2018 ൽ കൃത്യം 11 മണിക്ക് ലോകമെങ്ങും ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങുകൾ നടന്നു. പാരീസിൽ സംഘടിപ്പിച്ച യുദ്ധസ്‌മരണ സമ്മേളനത്തിൽ 80ഓളം രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്തു. 'പ്രതീക്ഷ വളർത്താം, ഭയമകറ്റാം' എന്ന ലക്ഷ്യത്തോടെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. നെപ്പോളിയൻ നിർമ്മിച്ച കൂറ്റൻ വിജയകമാനത്തിൽ നടന്ന ചടങ്ങിൽ ലോകമഹായുദ്ധത്തിൽ ജീവൻ ബലി നൽകിയവർക്ക് ആദരാഞ്ജലി അർപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഹസ്തദാനം നടത്തി, തോളിൽ തട്ടി ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. സംഭാഷണത്തിനിടെ ഇരുവരും കൈയിലെ പെരുവിരലുയർത്തി തംസ് മുദ്ര കൈമാറിയതും ഫോട്ടോഗ്രാഫർമാർ ഒപ്പിയെടുത്തു.
ചരിത്രം
ഓസ്ട്രിയ - ഹംഗറി കിരീടാവകാശിയായ ആർച്ച് ഡൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിനെയും പത്നി സോഫിയെയും യുഗോസ്ലാവിയൻ ദേശീയ വാദിയായ ഗവരില്ലോ പ്രിൻസിപ് കൊല ചെയ്തതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് ലോക രാഷ്‌ട്രങ്ങൾ രണ്ട് ചേരിയായി ഒന്നാംലോക മഹായുദ്ധത്തിന്റെ മൂലകാരണം.
ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ -ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയ ശക്തികളുമാണ് പരസ്പരം പട വെട്ടിയത്. ഏഴ് കോടി പട്ടാളക്കാർ യുദ്ധം ചെയ്തു. ഒരു കോടി സൈനികരും 70ലക്ഷം സിവിലിയന്മാരും കൊല്ലപ്പെട്ടു. നാല് വർഷത്തിലേറെ നീണ്ട യുദ്ധകാലത്ത് വംശഹത്യയും മഹാവ്യാധിയുമായി കോടിക്കണക്കിനാളുകൾ വെറെയും മരിച്ചു. വെഴ്സായിൽസ് ഉടമ്പടി ഒപ്പുവച്ചതോടെയാണ് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത്.