കാസർകോട് : ബദിയഡുക്കയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണത്തിൽ അഴിമതി നടത്തിയെന്ന പരാതിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ടി.സി.മാത്യുവിനെതിരേ കേസെടുത്തു. തൃശൂർ സ്വദേശിയായ കെ.പ്രമോദിന്റെ പരാതിയിൽ ബദിയഡുക്ക പൊലീസാണ് കേസെടുത്തത്.
ബദിയഡുക്കയിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 2012ൽ മാന്യ മുണ്ടോടിലെ വിൻടച്ച് കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തുനിന്ന് 8.26 ഏക്കർ സ്ഥലം കെ.എസി.എ വാങ്ങിയിരുന്നു. അന്ന് സെന്റിന് 27,000 രൂപ മാര്‍ക്കറ്റ് വിലയുണ്ടായിരുന്ന സ്ഥലം സെന്റിന് 54,000 രൂപയ്ക്ക് വാങ്ങിയതായി രേഖയുണ്ടാക്കി 2.20 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. ഗ്രൗണ്ട് നിരപ്പാക്കുന്നതിനും ചുറ്റുമതിൽ നിർമ്മിക്കുന്നതിലും ക്വട്ടേഷൻ ക്ഷണിക്കാതെ കരാർ നൽകി 52 ലക്ഷം രൂപ തട്ടിച്ചു. ആകെ 2.74 കോടി രൂപയുടെ അഴിമതി നടന്നതായും പരാതിയിൽ പറയുന്നു. 32 സെന്റ് റവന്യൂഭൂമി കൈയേറിയതായും പരാതിയിലുണ്ട്.