sirisena

കൊളംബോ:ശ്രീലങ്കയിൽ ഭരണപ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട്, ഭരണഘടനാവിരുദ്ധമായി ഭരണം പിടിച്ചെടുത്ത പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ ഉത്തരവുകൾ അനുസരിക്കരുതെന്ന് പാർലമെന്റ് സ്പീക്കർ കാരു ജയസൂര്യ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

അതിനിടെ പ്രധാനമന്ത്രിയെന്ന നിലയിൽ പാ‌ലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ബോദ്ധ്യമായതോടെ മഹിന്ദ രാജപക്സെ, സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടി പാർട്ടി വിട്ട് അനുയായികൾ രൂപീകരിച്ച ശ്രീലങ്ക പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. ജനുവരിയിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാൽ സ്വന്തം പാർട്ടിയുടെ ബാനറിൽ മത്സരിക്കാനാണ് രാജപക്‌സെയുടെ നീക്കം. ഇതോടെ ശ്രീലങ്കയിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ ഉരുത്തിരിഞ്ഞേക്കും.

നിയമവ്യവസ്ഥയെ വെല്ലുവിളിച്ചും പാ‌ലമെന്റംഗങ്ങളുടെ അവകാശങ്ങൾ ലംഘിച്ചും ബലം പ്രയോഗിച്ചും ഭരണം ഏറ്റെടുത്ത പ്രസിഡന്റിന്റെ ഉത്തരവുകൾ നിയമപരമല്ലെന്നും അത് നടപ്പാക്കേണ്ട കാര്യമില്ലെന്നുമാണ് സ്‌പീക്കർ കാരു ജയസൂര്യ സർക്കാർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്.

സിരിസേന പാർലമെന്റ് പിരിച്ചുവിട്ടതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 'രണ്ടാഴ്ചയായി നിയമവ്യവസ്ഥ മരവിച്ചിരിക്കയാണ്. ജനങ്ങൾ നേരിട്ട് തെരഞ്ഞെടുത്ത പാർലമെന്റെ് അംഗങ്ങളുടെ അധികാരവും അവകാശവും ഭരണ നിർവഹണ സമിതിയിലെ ഒരു വിഭാഗം അനധികൃതമായി പിടിച്ചെടുത്തിരിക്കയാണ്. നിയമപരമല്ലാത്ത ഉത്തരവുകൾ, അത് ആരിൽ നിന്നായാലും ഒരുകാരണവശാലും നടപ്പാക്കരുതെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. ' -- അദ്ദേഹം വ്യക്തമാക്കി.

പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിന് തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്റ് സിരിസേനയുടെ നീക്കത്തെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കോടതിയിൽ ചോദ്യം ചെയ്യാനിരിക്കയാണ്. വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ ആ സ്ഥാനത്ത് അവരോധിച്ച സിരിസേനയുടെ നടപടിയാണ് പ്രതിസന്ധിയുണ്ടാക്കിയത്. നവംബർ 14ന് രാജപക്‌സെയുടെ ഭൂരിപക്ഷം തെളിയിക്കാൻ പാർലമെന്റ് സമ്മേളിക്കേണ്ടതായിരുന്നു. ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് 225 അംഗ പാർലമെന്റ് സിരിസേന പിരിച്ചുവിട്ടത്.

പിതാവിന്റെ പാർട്ടി വിട്ട് രാജപക്സെ

മഹിന്ദ രാജപക്സെയുടെ പിതാവ് ഡോൺ ആൽവിൻ രാജപക്സെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ ആദ്യകാല നേതാവായിരുന്നു. പാർട്ടിയുമായുള്ള അ‌ഞ്ച് പതിറ്റാണ്ട് കാലത്തെ ബന്ധമാണ് രാജപക്‌സെ അവസാനിപ്പിച്ചത്. 2005മുതൽ പത്ത് വർഷം രാജപക്സെ പാർട്ടി ചെയർമാനായിരുന്നു. പിന്നീടാണ് സിരിസേന അദ്ധ്യക്ഷനായത്. സിരിസേന കാലുവാരിയതിനെ തുടർന്ന് കഴിഞ്ഞവർഷമാണ് രാജപക്സെയുടെ രാഷ്ട്രീയ പുനഃപ്രവേശനം ലക്ഷ്യമിട്ട്, അനുയായിക ൾ ശ്രീലങ്ക പീപ്പിൾസ് പാർട്ടി രൂപീകരിച്ചത്.