തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവായ കെ.ടി. അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനം രാജി വച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ എം.ഡിക്കാണ് രാജി സമർപ്പിച്ചത്. ഈ-മെയിൽ സന്ദേശം വഴിയാണ് രാജി. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്നാണ് അദീബ് പറയുന്നത്. തന്നെ തിരിച്ച് സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് അയക്കണമെന്നു അദീബ് ആവശ്യപ്പെടുന്നുണ്ട്. അദീബിന്റെ രാജി നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും.
ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. തസ്തിക നിർദ്ദേശിക്കുന്ന യോഗ്യത അദീബിന് ഇല്ല എന്നതായിരുന്നു വാദം. നിയമനത്തിലുൾപ്പെടെ വ്യക്തമായ അട്ടിമറി നടന്നുവെന്നും ആരോപണമുണ്ട്.