ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി ആവശ്യപ്പെട്ടാൽ നിലപാട് അറിയിക്കുമെന്ന് ദേവസ്വം ബോർഡ് കമ്മീഷണർ എൻ.വാസു പറഞ്ഞു.ദേവസ്വം ബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരവുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പതിമൂന്നാം തിയതി സുപ്രീംകോടതി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും. നട തുറന്നപ്പോൾ അക്രമങ്ങൾ അരങ്ങേറിയ കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനെക്കുറിച്ച് അഭിഭാഷകനുമായി ചർച്ച നടത്തും. നേരത്തെ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായിരുന്ന മനു അഭിഷേക് സിംഗ്‌വിയെ മാറ്റി ആര്യാമ സുന്ദരത്തിനെ പുതുതായി നിയോഗിക്കാന്‍ കഴിഞ്ഞ തവണ ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് തീരുമാനിച്ചത്. സുപ്രിംകോടതി വിധിക്കെതിരെ നാൽപ്പതിലധികം പുനഃപരിശോധനാ ഹർജികളും ആറോളം റിട്ട് ഹരജികളുമാണ് നാളെ ഉച്ചയ്ക്ക് മൂന്നിന് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതിന് മുന്നോടിയായാണ് ദേവസ്വം ബോർഡ് കമ്മീഷണർ ഡൽഹിയിലെത്തിയത്.