കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. സ്വന്തം കാണികൾക്കു മുൻപിൽ വച്ച് നടന്ന കളിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്.സി. ഗോവ കേരള ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചു. ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
കളിയുടെ ആദ്യ പകുതിയിൽ ഫെറാൻ കൊറോമിനാസ് നൽകിയ ഇരട്ട പ്രഹരത്തിൽ നിന്ന് കര കയറാൻ ബ്ളാസ്റ്റേഴ്സിനായില്ല. 11, 45+2, മിനിറ്റുകളിലായിരുന്നു ഫെറാന്റെ ഗോളുകൾ. മൻവിർ സിംഗിന്റെ 67ാം മിനിറ്റിലെ മൂന്നാം ഗോളോടെ ഗോവ വിജയം ഉറപ്പിച്ചു. ബ്ളാസ്റ്റേഴ്സിനായി നിക്കോള കിർക്മാരെവിച്ച് അശ്വാസ ഗോൾ നേടി.
മലയാളി ഡിഫെൻഡർ അനസ് എടത്തൊടിക അദ്യമായി ആദ്യ പതിനൊന്നിൽ ഇടം നേടിയ കളിയിൽ അഞ്ച് മാറ്റങ്ങൾ മാനേജർ ഡേവിഡ് ജയിംസ് വരുത്തിയിരുന്നു. ജയത്തോടെ ഏഴ് കളിയിൽ നിന്ന് 16 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തേക്കുയർന്നു. അദ്യ കളിയിൽ എ.ടി.കെയെ തോൽപ്പിച്ച ശേഷം ജയമറിയാത്ത കേരള ബ്ളാസ്റ്രേഴ്സ് ഏഴ് കളിയിൽ നിന്ന് ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.