അവസാന ട്വന്റി- 20 യിൽ ആറ് വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പര 3-0ത്തിന് സ്വന്തമാക്കി
ചെന്നൈ : ട്വന്റി- 20 പരമ്പരയിലെ അവസാന മത്സരത്തിലെ അവസാന പന്തിൽ വിജയം നേടി ഇന്ത്യ വിൻഡീസിനെതിരായ പരമ്പര തൂത്തുവാരി . ഇന്നലെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വിൻഡീസ് ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം ശിഖർ ധവാന്റെയും (92) റിഷഭ് പന്തിന്റെയും (58)തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ ചേസ് ചെയ്ത ഇന്ത്യ അവസാനം പതറിയെങ്കിലും വീണില്ല. ഒരു പന്ത് ശേഷിക്കേ സ്കോർ തുല്യതയിലാക്കി ധവാൻ പുറത്തായപ്പോൾ മനീഷ് പാണ്ഡേ അവസാന പന്തിൽ വിജയ റൺ നേടുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഒാവറിൽ 181/3 എന്ന സ്കോറിലെത്തുകയായിരുന്നു. നിക്കോളാസ് പൂരന്റെ അർദ്ധ സെഞ്ച്വറിയും (53 നോട്ടൗട്ട്) ഡാരൻ ബ്രാവോയുടെ പിന്തുണയുമാണ് (43 നോട്ടൗട്ട്) സന്ദർശകർക്ക് പരമ്പരയിലെ മികച്ച സ്കോറിലേക്ക് വഴി തുറന്നത്. ഷാനേ ഹോപ്പ് (24), ഹെട്മെയർ (26) എന്നിവരും ബാറ്റിംഗിൽ മികവ് കാട്ടി. ഇന്ത്യൻ ബൗളിംഗ് നിരയിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ യുസ്വേന്ദ്ര ചഹൽ ഒഴികെയുള്ളവർ നന്നായി തല്ലുവാങ്ങി.
ഒാപ്പണിംഗിനിറങ്ങിയ ഹോപ്പും ഹെട്മെയറും ചേർന്ന് മികച്ച തുടക്കമാണ് വിൻഡീസിന് നൽകിയത്. ആറ് ഒാവറിൽ 51 റൺസാണ് ഒാപ്പണിംഗ് സഖ്യം കൂട്ടിച്ചേർത്തത്. ഏഴാം ഒാവറിൽ ഹോപ്പിനെ വാഷിംഗ്ടൺ സുന്ദറിന്റെ കൈയിലെത്തിച്ച് ചഹൽ ഇന്ത്യൻ തിരിച്ചുവരവിന് ശ്രമം നടത്തി. ഒൻപതാം ഒാവറിൽ ഹെട്മെയറെയും ചഹൽ മടക്കി അയച്ചെങ്കിലും ഫസ്റ്റ് ഡൗണായിറങ്ങിയ ഡാരൻ ബ്രാവോ അതിനിടയിൽ താളം കണ്ടെത്തിയിരുന്നു. 13-ാം ഒാവറിൽ രാംദിൻ (15) മടങ്ങിയശേഷമെത്തിയ നിക്കോളാസ് കത്തിക്കയറിയതോടെയാണ് സ്കോർ 181 ലെത്തിയത്. നിക്കോളാസും ബ്രാവോയും ചേർന്ന് അവസാന 43 പന്തുകളിൽ 87 റൺസാണ് അടിച്ചുകൂട്ടിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഒാവറിൽത്തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. ആറ് പന്തുകളിൽ നാല് റൺസെടുത്ത രോഹിത് ശർമ്മയെ കീമോപോൾ ബ്രാത്ത് വെയ്റ്റിന്റെ കൈയിലെത്തിക്കുകയായിരുന്നു.