ഹൈദരാബാദ്: ഗർഭിണിയാണെന്ന് സംശയിച്ച് 17കാരൻ കാമുകിയായ 16കാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ശ്വാസംമുട്ടിച്ച് കൊന്നു. തുടർന്ന് മൃതദേഹം പെട്രോളൊഴിച്ചു കത്തിച്ചു. വിശാഖപട്ടണത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കേസിൽ കാമുകനൊപ്പം പ്രായപൂർത്തിയായ രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെൺകുട്ടിയെ നവംബർ ഏഴിന് വീട്ടിൽ നിന്ന് കാണാതായതായി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകൻ പിടിയിലാകുന്നത്. കാമുകനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക വാർത്ത പുറത്തുവന്നത്. പ്രതികൾ മൂന്നുപേരും പെൺകുട്ടിയുടെ സമീപവാസികളാണ്.
ഒരു വർഷമായി പെൺകുട്ടിയുമായി 17കാരൻ പ്രണയത്തിലായിരുന്നു. താൻ ഗര്‍ഭിണിയാണെന്ന് സംശയിക്കുന്നതായി പെൺകുട്ടി സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് കാമുകനോട് പറഞ്ഞു. ചില ഗുളികകളും മരുന്നുകളും കഴിക്കാൻ കാമുകൻ പെൺകുട്ടിയെ നിർബന്ധിച്ചു. എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചു. ഇതോടെ മറ്റുള്ളവർ അറിഞ്ഞാലുണ്ടാകുന്ന നാണക്കേടോർത്ത് പെൺകുട്ടിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
നവംബർ ഏഴിന് വൈകിട്ടോടെ മൈതാനത്ത് വരാൻ പെൺകുട്ടിയോട് കാമുകൻ ആവശ്യപ്പെട്ടു. പെൺകുട്ടി എത്തിയതും തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് തീകൊളുത്തിയെങ്കിലും പൂർണമായും കത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. 17കാരൻ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടി ഗർഭിണിയായിരുന്നോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.