air-india

മുംബയ്; മദ്യപിച്ച് വിമാനം പറത്താനെത്തിയ പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റാൻ എയർ ഇന്ത്യ തീരുമാനിച്ചു. തുടർച്ചയായ രണ്ടു പരിശോധനകളിലും മദ്യപിച്ചെന്നു തെളിഞ്ഞതോടെയാണ് എയർ ഇന്ത്യയുടെ ഓപ്പറേഷൻ വിഭാഗം മേധാവി കൂടിയായ ക്യാപ്റ്റൻ എ.കെ.കാഠ്പാലിയയെ ജോലിയിൽ നിന്നു മാറ്റി നിർത്താൻ തീരുമാനിച്ചത്.

ഞായറാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നു ലണ്ടനിലേക്കു പോകേണ്ടിയിരുന്ന വിമാനം പറത്തേണ്ടിയിരുന്നത് കാഠ്പാലിയയായിരുന്നു. കാഠ്പാലിയയ്ക്കു വേണ്ടി രണ്ടു തവണ ബ്രെത്തലൈസർ പരിശോധന നടത്തിയിരുന്നു. രണ്ടിലും അദ്ദേഹം പരാജയപ്പെട്ടു. തുടർന്നു മറ്റൊരു പൈലറ്റിനെ വിളിച്ചു വരുത്തിയാണു യാത്ര തുടർന്നത്. എ.ഐ–111 എന്ന വിമാനം 55 മിനിട്ട് വൈകുന്നതിനും ഇതിടയാക്കി.

വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപു വരെ ആൽക്കഹോൾ അടങ്ങിയ ഒരു പാനീയങ്ങളും ക്രൂ അംഗങ്ങൾ കഴിക്കരുതെന്ന് എയർക്രാഫ്റ്റ്സ് റൂൾ 24 ൽ പറയുന്നു. വിമാനം പറത്തുന്നതിനു മുൻപും ശേഷവും ക്രൂവിന് മദ്യപാന പരിശോധനയും നിർബന്ധമാണ്.

ഒരു തവണ പിടിക്കപ്പെട്ടാൽ മൂന്നു മാസത്തേക്ക് ഫ്ലൈയിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയെന്നതാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ചട്ടം. രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്നു വർഷത്തേക്കാണു സസ്പെൻഷൻ. മൂന്നാം തവണയും പിടിക്കപ്പെട്ടാൽ ആജീവനാന്ത കാലത്തേക്കു ഫ്ലൈയിംഗ് ലൈസൻസ് റദ്ദാക്കും.

2017ൽ കാഠ്പാലിയയുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. വിമാനമെടുക്കുന്നതിനു മുന്നോടിയായി പരിശോധനയ്ക്കു തയാറാകാതെ ‘മുങ്ങിയതിന്റെ’ പേരിലായിരുന്നു നടപടി. അന്ന് ഓപ്പറേഷൻസ് വിഭാഗം എക്സി. ഡയറക്ടർ സ്ഥാനത്തു നിന്നും ഇയാളെ മാറ്റി. പിന്നീട് ഡയറക്ടർ സ്ഥാനത്തേക്ക് അഞ്ചു വർഷത്തേക്കു നിയമനം ലഭിക്കുകയായിരുന്നു. കാഠ്പാലിയയുടെ ലൈസൻസ് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയെടുക്കുമെന്ന് ഡി.ജി.സി.എ അധികൃതർ അറിയിച്ചു.