muhammad-muhsin-

കോഴിക്കോട്: വർഗീയ പ്രചാരണത്തിന്റെ പേരിൽ കെ.എം. ഷാജി എം.എൽ.എയെ ഹൈക്കോടതി അയോഗ്യനാക്കിയതിന് പിന്നാലെ തനിക്കെതിരെ വ്യാജവാർത്തകളുമായി രംഗത്ത് വന്നിരിക്കുകയാണ് മുസ്ലിം ലീഗും യു.ഡി.എഫുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പ്രതിരോധത്തിൽ ആകുമ്പോൾ യു.ഡി.എഫ് എന്നും ഇത്തരത്തിലുള്ള നുണപ്രചാരണങ്ങൾ നടത്താറുണ്ടെന്ന് മുഹമ്മദ് മുഹ്സിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

‘പ്രശസ്ത മതപണ്ഡിതനും വാഗ്മിയും സൂഫിവര്യനുമായ മർഹും കാരക്കാട് മാനു മുസ്ലിയാരുടെ ചെറുമകൻ സഖാവ് മുഹമ്മദ് മുഹ്സിനെ വിജയിപ്പിക്കുക’ എന്ന ഫ്ളക്സ് വച്ച് മുഹ്സിൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തി എന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പിന് മുമ്പ് നൽകിയ അഭിമുഖത്തിൽ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട് എന്നും ഇങ്ങനെ ഒരു ഫ്ളക്സ് പാര്‍ട്ടിയോ ഞാനോ നിർമ്മിച്ചിട്ടില്ല എന്നും എം.എൽ.എ പോസ്റ്റിൽ പറയുന്നു.


‘മാനു മുസ്ലിയാരുടെ പേരക്കുട്ടി ആയതുകൊണ്ട് എനിക്ക് വോട്ട് ചെയ്യണമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഞാൻ പ്രതിനിധീകരിക്കുന്ന സി.പി.ഐയോ ഒരിക്കലും ഇത്തരം പ്രചരണം നടത്തിയിട്ടില്ല എന്നതും എനിക്കുറപ്പാണ്.ഇ.പി ഗോപാലനെപ്പോലെ, ഇ.എം.എസിനെപ്പോലെ രാഷ്ട്രീയം പറഞ്ഞു തന്നെയാണ് പട്ടാമ്പിമണ്ഡലത്തില്‍ ഞാന്‍ വിജയിച്ചത്. അല്ലാതെ തിരഞ്ഞെടുപ്പ് സമയത്തു അബ്ദുറഹിമാൻ സാഹിബിനെപ്പോലും വർഗീയവാദിയെന്നു വിളിച്ച, ഇ.എം.എസിനെ വ്യക്തിഹത്യ നടത്തിയ, ഹിന്ദു മഹാസഭക്കൊപ്പവും, സംഘപരിവാർ സംഘടനകൾക്കൊപ്പവും തരാതരം സഖ്യമുണ്ടാക്കിയ വർഗീയതയുടെ രാഷ്ട്രീയമല്ല തന്റേതെന്ന് എം.എൽ.എ പറയുന്നു.

തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാല്‍ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും മറിച്ചാണെങ്കിൽ ആരോപണം ഉന്നയിച്ചവർ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.