ന്യൂഡൽഹി: കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്തകുമാർ (59) അന്തരിച്ചു. ശ്വാസകോശ അർബുദ രോഗബാധിതനായിരുന്ന അദ്ദേഹം കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ബാഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാസവള വകുപ്പിന്റെ ചുമതലയും അനന്തകുമാറിനായിരുന്നു.
ബി.ജെ.പി കർണാടക അദ്ധ്യക്ഷനായിരുന്ന അദ്ദേഹം ആറ് തവണ പാർലമെന്റ് അംഗമായി. ആറ് തവണയും ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.വാജ്‌പേയ് സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്നു.
അനന്തകുമാറിന്റെ വിയോഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ അനുശോചനം അറിയിച്ചു. മൃതദേഹം ബംഗളൂരുവിലെ നാഷണൽ കോളേജിൽ പൊതുദർശനത്തിന് വയ്‌ക്കും.