പത്തനംതിട്ട: മണ്ഡലം മകരവിളക്ക് മഹോത്സവത്തിന് ശബരിമല നടതുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കടുത്ത നിയന്ത്രണങ്ങൾക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇതിന് മുന്നോടിയായി വാഹനങ്ങൾക്ക് മാത്രമല്ല കാൽനടയായി എത്തുന്ന തീർത്ഥാടകർക്കും പാസ് നിർബന്ധമാക്കാനുള്ള അലോചനയിലാണ് പൊലീസ്.
എരുമേലിയിൽ നിന്ന് കാൽനടയായി കാനന പാതയിലൂടെ സന്നിധാനത്തേക്ക് വരുന്ന തീർഥാടകർക്കാകും തിരിച്ചറിയൽ രേഖ നിർബന്ധമാക്കുക. മതിയായ രേഖകൾ പരിശോധിച്ച ശേഷം പൊലീസ് തയ്യാറാക്കിയ പാസ് നൽകും. ഇതുധരിച്ചുവേണം കാനനപാതയിലൂടെ തീർത്ഥാടകർ സന്നിധാനത്തേക്ക് പോകാൻ.
തുലാമാസ പൂജയ്‌ക്കും ചിത്തിര ആട്ടവിശേഷത്തിനും അധികം ഭക്തർ കാനനപാതയിലൂടെ എത്തിയിരുന്നില്ലെങ്കിലും മണ്ഡലം മകരവിളക്ക് മഹോത്സവത്തിന് അതായിരിക്കില്ല അവസ്ഥ എന്ന ബോധ്യം പൊലീസിനുണ്ട്. മാത്രമല്ല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് വൻസംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും പൊലീസ് കരുതുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പിയുടെയും ഐ.ജി. മനോജ് എബ്രഹാമിന്റെയും നേതൃത്വത്തിൽ പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഐ.ജി റാങ്കിലുള്ള കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ ഇത്തവണ ശബരിമലയിലുണ്ടാകും. പൊലീസ് സേനയുടെ എണ്ണം ആറായിരത്തിലേറെയാക്കും. ഇതര സംസ്ഥാനത്ത് നിന്നടക്കം കൂടുതൽ ആയുധധാരികളായ സംഘത്തെ ശബരിമലയിലെത്തിക്കാനും ആലോചനയുണ്ട്. എന്നാൽ നാളത്തെ സുപ്രീം കോടതി വിധിക്ക് ശേഷമാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുക.