-neyyattinkara-murder

തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ നെയ്യാറ്റിൻകരയിൽ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിലെ പ്രതി ഹരികുമാറിനെ അറസ്‌റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധവുമായി കുടുംബം. സനൽകുമാർ കൊല്ലപ്പെട്ട സ്ഥലത്ത് നീതി തേടി താൻ ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി അറിയിച്ചു. നാളെ ആയിരിക്കും ഏകദിന ഉപവാസം.

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സനൽകുമാറിന്റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേസ് സി.ബി.ഐക്ക് വിടുകയോ കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് അന്വേഷിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അച്ഛൻ വർഗീസിനും ആക്ഷൻ കൗൺസിൽ പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരനുമൊപ്പം വിജി സംയുക്ത ഹർജി നൽകുന്നത്.

ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യാത്ത പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഹർജി നൽകുന്നതെന്ന് വിജി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാരിൽ വിശ്വാസമുണ്ട്. പൊലീസിലെ ഉന്നതർ ഹരികുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ക്രൈംബ്രാഞ്ച് എസ്.പി ആന്റണി വീട്ടിലെത്തിയെങ്കിലും മൊഴിയെടുക്കാതെ മടങ്ങിയെന്നും വിജി പറഞ്ഞു.