കോഴിക്കോട്: ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെയല്ലാം ജനനതീയതി പരിശോധിച്ചിരുന്നുവെന്ന് ആർഎസ്എസ് നേതാവും ശബരിമല കർമ്മ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വത്സൻ തില്ലങ്കരി. കോഴിക്കോട് മുതലക്കുളത്ത് നടന്ന ശബരിമല ആചാര സംരക്ഷണ സംഗമത്തിൽ സംസാരിക്കവെയായിരുന്നു തില്ലങ്കരിയുടെ വിവാദ പ്രസംഗം.
'സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസിൽ ഒരാളുടെ ഭർത്താവിന്റെ പ്രായം 49 ആണെന്ന വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ഇതോടെ ഉദ്യോഗസ്ഥയുടെ പ്രായം 49 ൽ താഴെയാകുമെന്ന ആശങ്കയുണ്ടായി. തുടർന്ന് എസ്.പി മാരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ സന്നിധാനത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് സന്നിധാനത്തുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകൾ പരിശോധിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി'- പ്രസംഗത്തിനിടെ തില്ലങ്കരിയുടെ വാക്കുകൾ.
ചെറുപ്പക്കാരികളായ 50 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയമിക്കുമെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥയും തയ്യാറായില്ല. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിതാ പൊലീസുകാരെ സമീപിച്ചെങ്കിലും അവരും തയ്യാറില്ലെന്നും തില്ലങ്കേരി പ്രസംഗത്തിനിടെ പറഞ്ഞു.