യുവതീപ്രവേശനത്തെ അനുകൂലിക്കുകയും അതിനെ കേരളീയ നവോത്ഥാനത്തിന്റെ തുടർച്ചയായി കാണാൻ ശ്രമിക്കുകയും ചെയ്യുന്നവരെയെല്ലാം അതിശയിപ്പിക്കുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് യുവതീപ്രവേശന വിധിക്ക് കേരളീയ നവോത്ഥാന മാതൃകയുടെ സാമൂഹ്യ പിൻബലം ലഭിക്കാത്തത് എന്നത്.
വിവേകാനന്ദന്റെ പ്രശസ്തമായ ഇകഴ്ത്തലിൽ തുടങ്ങി അരുവിപ്പുറം പ്രതിഷ്ഠ മുതൽ ഭൂപരിഷ്കരണം വരെയൊക്കെ നീളുന്ന സാമൂഹ്യ സമവായങ്ങളുടെ ഉച്ചസ്ഥായിയാണല്ലോ കേരളീയ നവോത്ഥാനം എന്നറിയപ്പെടുന്നത്. ജാതീയവും വർഗീയവും ആയ അനാചാരങ്ങളുടെയും തിരസ്കാരങ്ങളുടെയും ഉച്ചാടനമായിരുന്നു അതിന്റെ കാതൽ.
അവർണർക്ക് ആരാധിക്കാൻ സദ് ദൈവങ്ങൾ വേണം എന്ന ശ്രീനാരായണഗുരുവിന്റെ വെളിപാടിലൂടെയാണ് കേരളത്തിലെ അവർണ ഈശ്വര സങ്കൽപം സജീവമാവുന്നത്. 1940 കളിൽ മാത്രം സജീവമാവുന്ന കേരളീയ മെറ്റീരിയലിസ്റ്റിക് പ്രത്യയശാസ്ത്രങ്ങൾക്കു ദശാബ്ദങ്ങൾക്കു മുൻപേ ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും ഭാരതീയ ദർശന ഔന്നത്യമായ അദ്വൈതപാതയിൽ വളരെയേറെ സഞ്ചരിച്ച് കഴിഞ്ഞിരുന്നു. ഈ സന്യാസിവര്യന്മാരുടെ സമീപനം ജ്ഞാന മാർഗേണയുള്ള വിശ്വാസ നവീകരണമായിരുന്നു. ഈശ്വരീയതയിൽ ഉറച്ച അവർണ സമൂഹങ്ങൾ സന്യാസത്തിലും സാമൂഹ്യസേവനത്തിലും നിരതരായതുകൊണ്ടാണ് കേരളത്തിന്റെ ഭൗതിക വളർച്ച സാദ്ധ്യമായത്. അവരൊരുക്കിയ വളക്കൂറുള്ള മണ്ണില്ലായിരുന്നെങ്കിൽ ഭൗതികവാദ പ്രസ്ഥാനങ്ങൾക്ക് , ഭൂപരിഷ്കരണവും വിദ്യാഭ്യാസ നിയമവും അടക്കമുള്ള ഘടകങ്ങൾ എളുപ്പത്തിലൊരുക്കാൻ കഴിയുമായിരുന്നില്ല.
എന്നാൽ 1991 മുതൽ മാത്രം നിയമപ്രാബല്യം വന്ന യുവതീനിരോധനം 2018 ൽ കോടതിയാൽ തിരുത്തപ്പെടുന്നത് വരെ യുവതീപ്രവേശം ഈശ്വര സങ്കല്പവുമായി ബന്ധപ്പെട്ട സാമൂഹ്യപ്രസ്ഥാനത്തിന് രൂപം നൽകുന്നില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനവും സർക്കാരിന്റെ ഭാഗം എന്ന നിലയിലല്ലാതെ ഇതിൽ അഭിപ്രായം രൂപീകരിക്കുന്നില്ല. അവകാശനിഷേധം ഒരു പൗരന് മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ പോലും പ്രത്യേക പ്രസ്ഥാനം ഇല്ലാതെ തന്നെ കോടതികൾ നീതി നല്കണം എന്ന മറുവാദം കാണാതെയല്ല ഇത് പറയുന്നത്. കോടതികൾ എപ്പോഴൊക്കെ വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചുവോ അപ്പോഴൊക്കെ സർക്കാരുകൾ, പ്രത്യേകിച്ചു ന്യൂനപക്ഷ സമുദായങ്ങളിൽ ആചാര സംരക്ഷണം നിയമം നിർമിച്ച് ഉറപ്പാക്കിയിട്ടുമുണ്ട്.
അയ്യപ്പവിശ്വാസികളായ ഹൈന്ദവ സമൂഹങ്ങളിൽ യുവതീ അവകാശ ലംഘനത്തിന്റെ പ്രമേയം രൂപപ്പെടുന്നതിനു മുൻപേയുള്ള ഒരു ബാഹ്യ സമ്മർദ്ദമായി ഈ വിധി കാണപ്പെടുന്നതാണ് മൗലിക പ്രശ്നം. വരുന്ന മണ്ഡല കാലത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത 35 ലക്ഷം പുരുഷ ഭക്തന്മാർക്കിടയിൽ 550 യുവതികൾ മാത്രമാണ് ദർശനം ആഗ്രഹിക്കുന്നത്. അതിൽ എത്ര പേർ ഒരു കൗതുകത്തിനപ്പുറം അയപ്പദർശനം നടത്തും എന്നതും ചിന്താവിഷയമാണ്. ഒരു മണ്ഡലക്കാലത്ത് ആകെ 3000 യുവതികളാകും താത്പര്യം തന്നെ പ്രദർശിപ്പിക്കുക. ഇങ്ങനെ വരുമ്പോൾ മഹാഭൂരിപക്ഷം സ്ത്രീകളടക്കമുള്ള ഭക്തരും താത്പര്യം പ്രകടിപ്പിക്കാത്ത , ഒരു സാമൂഹ്യ പശ്ചാത്തലം ഒരുങ്ങാത്ത വിധി, അത് നടപ്പാക്കുന്നവർക്ക് ബാധ്യതയാവാനായുള്ള അപകടം ചെറുതല്ല.
പ്രവേശനം സിദ്ധിച്ചത് കൊണ്ട് ഒരു അധിക അംഗീകാരവും ജനസമ്മതിയിൽ ഉണ്ടാവാതിരിക്കുക, വിശ്വാസി സമൂഹം നടപ്പാക്കുന്നവർക്കെതിരാകുക എന്ന അപകടം ഇതിൽ പതിയിരിക്കുന്നു. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും പൊയ്കയിൽ യോഹന്നാനും നേരിട്ട അവർണ വിരുദ്ധ ശക്തികളെ എതിരിടും പോലെയല്ല ഇവിടുത്തെ വെല്ലുവിളി. ഇവിടെ 'വിമോചിതരാവുന്നവർക്കു" ആ അവകാശം നേടിയെടുക്കാൻ വേണ്ടത്ര താത്പര്യം ഉണ്ടോ എന്നുപോലും അറിഞ്ഞുകൂടാ. അല്ലെങ്കിൽ വിശ്വാസി സ്ത്രീകൾ ഇതിനകം ശബരിമല ദർശനത്തിനായി സംഘടിക്കുമായിരുന്നു.
ഒരു രാഷ്ട്രീയ പ്രത്യയം എന്ന നിലയിൽ അല്ലാതെ യഥാർത്ഥ വിശ്വാസം സംരക്ഷിച്ചുള്ള യുവതീ പ്രവേശം കണക്കുകൾ സൂചിപ്പിക്കും പ്രകാരം വിരളമാണ്. ആ ദർശനങ്ങൾ ശബരിമല അന്തരീക്ഷത്തെ ബാധിക്കുകയും, ബലപ്രയോഗത്തിലൂടെ ഭക്തരെ നിയന്ത്രിച്ചും നടപ്പാക്കേണ്ടി വരുന്നതിന്റെ ദോഷം അത് നടപ്പാക്കുന്നവർക്കാണ്. സമൂഹത്തിൽ മുന്നൊരുക്കം നടക്കാതെയും അഭിപ്രായ സമീകരണം ഇല്ലാതെയും ഉയർന്നിട്ടുള്ള ഈ പ്രശ്നം ആസന്നമായ പൊതു തിരഞ്ഞെടുപ്പുകളുമായും അവയിലെ താത്പര്യങ്ങളുമായും ഇടകലർന്നിരിക്കുകയാണ്.
ശ്രീനാരായണ ഗുരുവും മറ്റും ഉഴുതിട്ട മണ്ണിലല്ല യുവതീ പ്രവേശത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെടുന്നത്. സാമൂഹ്യാഭിപ്രായത്തിന്റെ നീര് അവയ്ക്കു ലഭ്യവുമല്ല. അതിനാൽ പാറപ്പുറത്തു വീണ വിത്തുകളെപ്പോലെ അവ പൊട്ടാതെ പതിരായി മാറാനും സാദ്ധ്യത ഏറെയാണ്. കൂടുതൽ ഭക്തകൾ ശാസ്താവിനെ ദർശിച്ചാൽ ഒരു ജനാധിപത്യ സംവിധാനത്തിലെ ഭരണഘടനാ ധാർമികത ഉയരും എന്ന സാമാന്യ തത്വം പറയാമെന്നല്ലാതെ അത് ഒരു ഭൗതിക പ്രത്യയശാസ്ത്രത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നും വ്യക്തതയില്ല. ദർശന സായൂജ്യത്തെ എതെങ്കിലും ദൃഢമായ വികസന ലക്ഷ്യവുമായി ഘടിപ്പിക്കാനും പ്രയാസമാണ്.
നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് പ്രയോജനം കുറഞ്ഞതും നഷ്ടസാധ്യത ഏറെയുള്ളതും പൊതുസമൂഹത്തിന്റെ അംഗീകാരം നേടേണ്ടതുമായ ഒരു ചെറു അനുഷ്ഠാന മാറ്റമാണ് യുവതീപ്രവേശം. വളരെ കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഒരു സാമൂഹ്യ പ്രസ്ഥാനത്തിനും ഗുണം നൽകുന്ന ഘടകങ്ങൾ അതിൽ കുറവാണ്.
(അഭിപ്രായം വ്യക്തി