police-road

നാട്ടിൽ ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിൽ നമ്മുടെ പൊലീസ് സംവിധാനങ്ങളുടെ പങ്ക് വളരെ വലുതാണ്. അയൽവാസികൾ തമ്മിലുള്ള ചെറിയ തർക്കങ്ങൾ വരെ വളർന്ന് വലുതായി ഒരു നാടിന്റെ പ്രശ്നമായി മാറുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഈ സാഹചര്യങ്ങളിൽ പൊലീസ് ഇടപെടൽ അനിവാര്യമാവുകയും ചെയ്യാറുണ്ട്. ഇത്‌പോലെ വർഷങ്ങളായി പൊന്നാനി പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിലെ കൊഴപ്പുള്ളി എന്ന സ്ഥലത്ത് അറുപതിൽപ്പരം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തു ദീർഘകാലമായി നിലനിന്നിരുന്ന വഴിത്തർക്കം പരിഹരിച്ച കഥയാണ് കേരളപൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വയ്ക്കുന്നത്.

കൊഴപ്പുള്ളിയിൽ വഴിത്തർക്കം മൂലം വാഹനഗതാഗത സൗകര്യം പോലുമില്ലാതെ ജനങ്ങൾ വളരെക്കാലമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു,സാമൂഹിക രാഷ്ട്രീയ മതമേലദ്ധ്യക്ഷന്മാർ ഇടപെട്ടിട്ടും ഇവിടത്തെ തർക്കങ്ങൾ പരിഹരിക്കാനാവാതെ നീണ്ട് പോവുകയായിരുന്നു. ഈ പ്രശ്നത്തിൽ ധാരാളം പരാതികളാണ് സ്റ്റേഷനിൽ ലഭിച്ച് കൊണ്ടിരുന്നത്. ഒടുവിൽ തർക്കങ്ങൾ കലാപത്തിലേക്ക് പോകുമെന്ന സ്ഥിതിയിലെത്തിയതോടെ എസ്.ഐ. ആയിരുന്ന വിനോദ് വലിയാട്ടൂർ നടത്തിയ തന്ത്രപരമായ നീക്കങ്ങൾ ഫലം കണ്ടു.

ജനമൈത്രി പോലീസ് നിരന്തരമായി വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ വിശ്വാസം നേടിയെടുത്താണ് പ്രശ്നങ്ങൾ പരിഹരിച്ചത്. പൊലീസിൽ വിശ്വാസം രേഖപ്പെടുത്തിയ ജനം പണം സ്വരൂപിച്ച് റോഡ് നിർമ്മാണം യാഥാർത്ഥ്യമാക്കി. റോഡിന്റെ ഉദ്ഘാടനത്തിന് നാട്ടുകാർ ക്ഷണിച്ചത് തങ്ങൾക്ക് താങ്ങും തണലുമായ പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ്. എന്നാൽ ഉദ്ഘാടനത്തിനെത്തിയ പൊലീസ് റോഡിന്റെ ശിലാഫലകത്തിലെ പേര് കണ്ടാണ് ശരിക്കും ഞെട്ടിയത്, 'പോലീസ് റോഡ് 'ഒരുജനതയുടെ വികാരങ്ങൾക്കൊപ്പം നിന്ന ജനമൈത്രി പോലീസിന്റെ അടയാളമാണ് കൊഴപ്പുള്ളിയിലെ ഈ 'പോലീസ് റോഡ്.