ന്യൂഡൽഹി: അയോദ്ധ്യ കേസിൽ അതിവേഗ ഹിയറിംഗ് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങളും തർക്കങ്ങളും ഉയർന്നു വരികയാണ്. കേസ് ജനുവരിയിൽ പരിഗണിക്കുമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിന് മുൻപ് തന്നെ കേസ് പരിഗണിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. 'നൂറ് വർഷം പഴക്കമുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ കേസിന് അതിന്റേതായ പ്രാധാന്യം നൽകിയിട്ടുണ്ട്' ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് പറഞ്ഞു. വിധി ആദ്യം തന്നെ പ്രഖ്യാപിച്ചതാണ്, അപ്പീൽ ജനുവരിയിൽ പരിഗണിക്കും, ഇത്രയും പറഞ്ഞുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് ഹർജി തള്ളിയത്.
ജനുവരിയിൽ കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി നാല് മിനിറ്റ് നീണ്ട ഹിയറിംഗിൽ പറഞ്ഞിരുന്നു. ബി.ജെ.പിയും ആർ.എസ്.എസും മറ്റ് ഹിന്ദു സംഘടനകളും രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് പുറപ്പെടുവിക്കാൻ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2010ലെ അലഹബാദ് ഹൈക്കോടതി വിധിപ്രകാരം തർക്കഭൂമി പരാതിക്കാരായ സുന്നി വഖഫ് ബോർഡിനും നിർമ്മോഹി അഖാരയ്ക്കും രാം ലല്ലയ്ക്കും വിഭജിച്ച് നൽകണമെന്നായിരുന്നു. എന്നാൽ ഇതിനെതിരെ 14ൽ അധികം പരാതികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയിരിക്കുന്നത്.