തിരുവനന്തപുരം: രണ്ട് തവണ നടതുറന്നപ്പോഴും പ്രതിഷേധവും സംഘർഷവും ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷി യോഗം വിളിച്ചു. കേസുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികളിൽ നാളെ സുപ്രീം കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് സർക്കാർ നിർണായക നീക്കവുമായി രംഗത്തെത്തിയത്.
തുലാമാസ പൂജയ്‌ക്കും, ചിത്തിര ആട്ടവിശേഷത്തിനുമായി ശബരിമല നടതുറന്നപ്പോൾ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയാൻ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. അമ്പത് വയസ് കഴിഞ്ഞ സ്ത്രീകളെപ്പോലും തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാൻ അനുദിച്ചത്. ഇതിനിടയിൽ ചിലരെ കൈയ്യേറ്റം ചെയ്യാനും പ്രതിഷേധക്കാർ ശ്രമിച്ചിരുന്നു. സമാനമായ പ്രതിഷേധം മണ്ഡലകാലത്തും ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട്. മാത്രവുമല്ല ഇക്കാലയളവിൽ തീർത്ഥാടകരുടെ വേഷത്തിൽ തീവ്രവാദികൾ എത്തിയേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് സർവകക്ഷിയോഗം വിളിച്ച് മണ്ഡലകാലത്തെ തീർത്ഥാടനം തീരുമാനിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
സർവകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ സന്തോഷമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ പ്രതികരിച്ചു. ഇക്കാര്യം തീരുമാനിച്ചവരെ താൻ അഭിനന്ദിക്കുന്നു. ശബരിമല വിഷയത്തിൽ പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സമാധാനത്തോടെ ദർശനം നടത്തേണ്ട ശബരിമലയിൽ അക്രമം നടത്തുന്നത് അനുവദിക്കാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുവതീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നപ്പോൾ തന്നെ സർക്കാർ സർവകക്ഷി യോഗം വിളിക്കേണ്ടതായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ പറഞ്ഞു. തലതിരിഞ്ഞ സർക്കാരുകൾ ഭരിക്കുന്നത് കൊണ്ടാണ് ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.