fiber-curtain

കോട്ടയം : സ്ത്രീകളും, പ്രായമുള്ളവരും മാത്രമുള്ള വീടുകൾ മനസിലാക്കി തട്ടിപ്പ് സംഘങ്ങൾ.ഫൈബർ കർട്ടനുകൾ വീട്ടിൽ ഘടിപ്പിച്ച് നൽകാനെത്തുന്നവരാണ് ഇത്തരത്തിൽ വീട്ടുകാരെ പറ്റിച്ച് പണം പിടുങ്ങുന്നത്. നിസാരമായ തുക പറഞ്ഞ് വീട്ടുകാരെ ഫൈബർ കർട്ടൻ ഇടാൻ പ്രലോഭിപ്പിക്കുന്ന ഇവർ പണികഴിയുന്നതോടെ അളന്ന് നോക്കി ഭീമമായ തുക ആവശ്യപ്പെടും. ആയിരം രൂപയ്ക്ക് പണിയാരംഭിച്ച് നാൽപ്പതിനായിരം വരെ വാങ്ങിയതായി പരാതികളുണ്ട്. തുക നൽകാൻ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തിയതായും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.

ഇവർ നൽകുന്ന ബില്ലുകളിൽ പറയുന്ന സ്ഥാപനങ്ങൾ വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരത്തിൽ അബദ്ധം പിണയുന്ന വീട്ടുകാർ നാണക്കേട് ഓർത്ത് തുക നൽകി സംഘത്തെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഒമ്നിവാനിൽ എത്തുന്ന സംഘം നാട്ടിൻ പുറങ്ങളിലാണ് പറ്റിപ്പിനായി എത്തുന്നത്. ഇവരുടെ സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. തിരുവല്ല, മല്ലപ്പള്ളി തുടങ്ങിയ സ്ഥലത്താണ് ഇവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്.