കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ തുടക്കത്തിലെ കല്ലുകടിയെന്ന് സൂചന. പ്രതിനിധി സമ്മേളനം തുടങ്ങും മുമ്പ് സംഘടനയിൽ വിഭാഗീയത രൂക്ഷമെന്നാണ് റിപ്പോർട്ടുകൾ. പ്രതിനിധി പട്ടികയിൽ ഉൾപ്പെട്ട പാലക്കാട് നിന്നുള്ള പി. രാജേഷിനോട് സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കാൻ സംസ്ഥാന സെക്രട്ടറി എം. സ്വരാജും പ്രസിഡന്റ് എ. എൻ. ഷംസീറും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ എന്താണ് കാരണമെന്ന് വിശദീകരിച്ചിട്ടില്ല.
സംഘാടക സമിതി ചെയർമാൻ പി.മോഹനൻ കൊടി ഉയർത്തിയതോടെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. വടകര, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എത്തിയ ജാഥകളെ സ്വീകരിച്ച ശേഷമായിരുന്നു കൊടി ഉയർത്തൽ.
അതേ സമയം, 37 വയസിന് മുകളിലുള്ളവരെ ഒഴിവാക്കുമെന്ന നിലപാട് ഒഴിവാക്കിയത് ഭാരവാഹി തിരഞ്ഞെടുപ്പ് കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്. പ്രായപരിധിയിൽ കടുംപിടുത്തം തുടർന്നിരുന്നുവെങ്കിൽ നാൽപ്പത് പേർക്കെങ്കിലും സംസ്ഥാന സമിതിയിൽ നിന്ന് പുറത്തു പോകേണ്ടി വന്നേനെ. ഇതിനെ തുടർന്നാണ് ഭാരവാഹികൾക്ക് പ്രായപരിധി കൊണ്ടുവരണമെന്ന ഡി.വൈ.എഫ്.ഐ ഫ്രാക്ഷന്റെ തീരുമാനം സി.പി.എം സെക്രട്ടേറിയേറ്റ് തള്ളിയത്. ഇതോടെ 39 വയസിന് താഴെയുള്ള അംഗങ്ങൾക്ക് ഭാരവാഹിയാകാനാകും.
എസ്. സതീഷ്, എ.എ. റഹീം, എസ്.കെ. സജീഷ്, എന്നിവരുടെ പേരുകളാണ് പുതിയ ഭാരവാഹികളായി ഉയർന്നു കേൾക്കുന്നത്. നിതിൻ കണിച്ചേരി, വി.പി. റെജീന എന്നിവരെയും പരിഗണിക്കുന്നുണ്ട്. ബുധനാഴ്ച്ചയാണ് തിരഞ്ഞെടുപ്പ്.