ചെന്നൈ: ലൈസൻസില്ലാതെ വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാക്കിയതിനും സ്ഥിരമായി ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പിടിയിലായ സ്കൂൾ വിദ്യാർത്ഥിക്ക് 16 മണിക്കൂർ ട്രാഫിക് നിയന്ത്രിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷ വിധിച്ചു. വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഒരു സ്ത്രീയെ ഇടിച്ചതിനെ തുടർന്ന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഹെൽമറ്റും ലൈസൻസുമില്ലാതെ വാഹനമോടിച്ചതിനും പിടിയിലായി. ഇതേ തുടർന്നാണ് ജുവനൈൽ കോടതി ശിക്ഷ വിധിച്ചത്.
തെറ്റുകൾ ആവർത്തിക്കില്ലെന്നും മാപ്പ് തരണമെന്നുമുള്ള വിദ്യാർത്ഥിയുടെ ആവശ്യം പരിഗണിച്ച ജുവനൈൽ കോടതി ട്രാഫിക് നിയന്ത്രിക്കാനുള്ള ശിക്ഷ വിധിച്ചത്. ട്രാഫിക് പൊലീസിന്റെ നിയന്ത്രണത്തിൽ 16 മണിക്കൂർ ഗതാഗതം നിയന്ത്രിക്കാനായിരുന്നു വിധി. വിദ്യാർത്ഥി ഗതാഗതം നിയന്ത്രിക്കുന്ന വീഡിയോ പൊലീസ് പുറത്ത് വിട്ടിരുന്നു. എന്നാൽ ഇതിനെതിരെ വൻപ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ട് ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തു.