cbi-director

ന്യൂഡൽഹി: അഴിമതി ആരോപണത്തെ തുടർന്ന് അവധിയിൽ പ്രവേശിച്ച സി.ബി.ഐ ഡയറക്ടർ അലോക് വർമയ്‌ക്കെതിരായ അന്വേഷണ റിപ്പോർട്ട് ക്ഷമാപണത്തോടെ സെൻട്രൽ വിജിലൻസ് കമ്മിഷൻ (സി.വി.സി) സുപ്രീം കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് വൈകിയതിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് സി.വി.സി ക്ഷമാപണത്തോടെ മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചു.അലോക് വർമ, സന്നദ്ധ സംഘടനയായ കോമൺ കോസ് എന്നിവരാണ് ഹർജിക്കാർ.


ഞായറാഴ്ചകളിൽ പോലും തുറന്ന് പ്രവർത്തിച്ചിട്ടും രാജ്യത്തെ ഏറ്റവും മുതിർന്ന അഴിമതി നിർമാർജന ഏജൻസിയായ സി.വി.സിക്ക് ശരിയായ സമയത്ത് റിപ്പോർട്ട് സമർപ്പിക്കാൻ കഴിയാത്തതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ശനിയാഴ്ച തന്നെ റിപ്പോർട്ട് തയ്യാറായിരുന്നുവെന്നും എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ഇത് കോടതിയിൽ സമർപ്പിക്കാൻ ആയില്ലെന്നും സി.വി.സി കോടതിയിൽ അറിയിച്ചു. സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി നിയമിക്കപ്പെട്ട എം. നാഗേശ്വർ റാവു ചുമതലയേറ്റ 23 മുതൽ എടുത്ത തീരുമാനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജി എ.കെ. പട്നായിക് ആണ് സി.വി.സിയുടെ അന്വേഷണത്തിനു മേൽനോട്ടം വഹിച്ചത്.