nimisha

ഒഴിമുറിക്കു ശേഷം മധുപാൽ സംവിധാനം ചെയ്ത ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിൽ ടൊവിനോ തോമസാണ് നായകൻ. അജയൻ എന്ന സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. സിനിമ കണ്ടിറങ്ങിയതിന് ശേഷമുള്ള ചിത്രത്തിലെ നായികമാരിൽ ഒരാളായ നിമിഷ സജയന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.


തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട, മാംഗല്യം തന്തുനാനേന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ മുൻനിര നായികയായി വളർന്ന നിമിഷ ഈ ചിത്രത്തിൽ ഹന്ന എലിസബത്ത് എന്ന വക്കീലായാണ് എത്തുന്നത്. തന്റെ കഥാപാത്രം മികച്ചതായി മാറിയിട്ടുണ്ടെങ്കിൽ അതിനുള്ള മുഴുവൻ ക്രെഡിറ്റും സംവിധായകനായ മധുപാലിനാണെന്ന് നിമിഷ പറയുന്നു. വക്കീൽ കഥാപാത്രമായതിനാൽ കോടതിയിൽ കൊണ്ടുപോയി അവരുടെ സെഷൻസ് ഒക്കെ കണ്ടുപഠിച്ചതിന് ശേഷമാണ് കഥാപാത്രമായി മാറിയത്. അതിനാൽത്തന്നെ കഥാപാത്രത്തെ മികച്ചതാക്കിയതിന് പിന്നിലെ ക്രെഡിറ്റും സംവിധായകനുള്ളതാണ്. പ്രേക്ഷകരിൽ നിന്നു കിട്ടുന്ന അഭിപ്രായം ഏതൊരു താരവും കേൾക്കാൻ കൊതിക്കുന്നതാണ്. സിനിമാജീവിതത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ഇത്. സമൂഹത്തിൽ നടക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്.


അജയനെ ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നതെങ്കിലും ഓരോ കഥാപാത്രത്തിനും അതിന്റേതായ പ്രധാന്യം നൽകിയിട്ടുണ്ടെന്നും നിമിഷ പറയുന്നു. അനുസിത്താര നായികയാകുന്ന ചിത്രത്തിൽ ശരണ്യ പൊൻവണ്ണൻ, അലൻസിയർ, നെടുമുടി വേണു, സുജിത് ശങ്കർ, സിദ്ദിഖ്,സുധീർ കരമന, ബാലു വർഗീസ് , ദിലീഷ് പോത്തൻ തുടങ്ങി വൻതാരനിര തന്നെയുണ്ട്.