ps-sreedharan-pillai

ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസിൽ ഹർജിയ്‌ക്ക് അനുമതിയില്ല. പിള്ളയുടേത് ക്രിയാത്മക വിമർശനമാണെന്നും അതുകൊണ്ട് മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

ശബരിമല കേസിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ സംസാരിക്കുകയും സുപ്രീംകോടതിയ്ക്ക് എതിരെ പരസ്യമായി പ്രസംഗിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അഡ്വ. ഗീനാകുമാരി, അഡ്വ.വർഷ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യണമെങ്കിൽ അറ്റോർണി ജനറലിന്റെ അനുമതി വാങ്ങണം. അറ്റോർണി ജനറലിനാണ് ആദ്യം അപേക്ഷയുടെ പകർപ്പ് നൽകിയത്. എന്നാൽ ഇതിൽ നിന്ന് പിൻമാറിയ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അപേക്ഷയിൽ നടപടിയെടുക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ഏൽപ്പിക്കുകയായിരുന്നു. താൻ മുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് കാണിച്ചാണ് കെ.കെ.വേണുഗോപാൽ പിൻമാറിയത്.

അതേസമയം, പിള്ളയ്‌ക്കെതിരായ ഹർജി സുപ്രീം കോടതിയിൽ നേരിട്ട് നൽകുമെന്ന് ഹർജിക്കാർ അറിയിച്ചു.