കോട്ടയം: നാട്ടുകാരെ ഭീതിയിലാക്കി മൂന്നു കിലോമീറ്ററോളം വിരണ്ടോടിയ പോത്തിനെ ഒടുവിൽ മെരുക്കിയത് പൊലീസിന്റെ ചെപ്പടി വിദ്യ! നാട്ടുകാർ എത്ര ശ്രമിച്ചിട്ടും പോത്തിനെ ബന്ധിക്കാൻ കഴിയാതെ വന്നതോടെയാണ് കറുകച്ചാൽ സ്റ്റേഷനിലെ ഒരു പൊലീസുകാരൻ സൂത്രവിദ്യ കാട്ടിയത്. കൂത്രപ്പള്ളിയിൽ നിന്ന് ലോറിയിൽ എരുമയെ കൊണ്ടുവന്ന് പോത്തിന്റെ മുന്നിൽ നിർത്തി. ഇതോടെ പോത്ത് ശാന്തനായി. ഈ തക്കത്തിന് പോത്തിന്റെ കഴുത്തിൽ നാട്ടുകാരും പൊലീസും ചേർന്ന് കുരുക്കിട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെ കറുകച്ചാൽമല്ലപ്പള്ളി റോഡിൽ കൊച്ചുപറമ്പിലാണ് സംഭവം.
സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ കെട്ടിയിരുന്ന പോത്താണ് വിരണ്ട് കയർപൊട്ടിച്ച് റോഡിലിറങ്ങിയത്. പിന്നെ കൊമ്പ് കുലുക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓട്ടം തുടങ്ങി. വഴിയിൽ കണ്ടവരെ കൊമ്പുകുലുക്കിയും നാലുകാലിൽ ചാടിയും ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ഓട്ടം. പോത്തിന്റെ വരവ് കണ്ട് വാഹനങ്ങൾ റോഡ് വക്കിലേക്ക് ഒതുക്കി നിർത്തി. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ അമ്മമാർ വീടിനുള്ളിലാക്കി കതകടച്ചു. ഇടയ്ക്ക് പുരയിടങ്ങളിൽ കയറിയ പോത്ത് വാഴയും മറ്റും നശിപ്പിച്ചു. ഇതുകണ്ട് നാട്ടുകാർ പോത്തിന് പിറകെയായി. വിവരമറിഞ്ഞ് കറുകച്ചാൽ പൊലീസും സ്ഥലത്തെത്തി. കയർ കൊണ്ട് ബന്ധിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
ഇതിനിടെ പോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നാരോലിപ്പടി മുതുമരത്തിൽ ആന്റണി ദേവസ്യയ്ക്കാണ് (69) പരിക്കേറ്റത്. പോത്ത് കുത്താൻ വരുന്നതു കണ്ട് ഓടി മാറുന്നതിനിടയിൽ വീണാണ് ആന്റണിയ്ക്ക് പരിക്കേറ്റത്. ആന്റണി കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മല്ലപ്പള്ളി റോഡിലൂടെ ഓടിയ പോത്ത് നാരോലിപടിയിൽ വടക്കേപറമ്പിൽ ബേബിച്ചന്റെ തോട്ടത്തിൽ ഓടിക്കയറി. അവിടെയും സംഹാരതാണ്ഡവമാടാൻ പോത്ത് തുനിഞ്ഞതോടെയാണ് പൊലീസിന്റെ മനസിൽ പുത്തൻ ആശയം പൊട്ടി മുളച്ചത്. പിന്നെ, താമസിച്ചില്ല. എരുമയെ തേടി പൊലീസ് പാഞ്ഞു. കൂത്രപ്പള്ളിയിൽ നിന്ന് എരുമയെ ലോറിയിലെത്തിച്ചു. എരുമയെ കണ്ടതോടെ പോത്ത് ശാന്തനായി. പിന്നെ, താമസിച്ചില്ല. കയർ ഉപയോഗിച്ച് പോത്തിനെ ബന്ധിച്ചു.