തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകാമെന്നേറ്റ മുതിർന്ന അഭിഭാഷകനായ ആരാമ സുന്ദരം പിന്മാറിയതിന് പിന്നിൽ പ്രമുഖ സംഘടനയാണെന്ന് ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ ആരോപിച്ചു. എന്നാൽ ആര് തടഞ്ഞാലും ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ദേവസ്വം ബോർഡിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ശേഖർ നഫാഡേ ഹാജരാകുമെന്നാണ് വിവരം.
എൻ.എസ്.എസിന് വേണ്ടി ശബരിമലക്കേസിൽ ഹാജരായതിനാൽ ഇനി ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ആര്യാമ സുന്ദരം കേസിൽ നിന്നും പിന്മാറിയത്. ശബരിമലക്കേസിൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാൻ കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ കേസിൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടർന്നാണ് ആര്യാമ സുന്ദരത്തിലേക്ക് ദേവസ്വം ബോർഡ് നീങ്ങിയത്. പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ നൽകിയ പുനപരിശോധന ഹർജികൾ നാളെ മൂന്ന് മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.